കൊല്ലം. ആശ്രാമത്തെ ബെവ്കോയുടെ സെല്‍ഫ് സര്‍വീസ് കൗണ്ടറില്‍ നിന്നും ‘ഓള്‍ഡ് മങ്ക് ഫുള്‍’ മോഷ്ടിച്ച വിരുതന്‍ അഞ്ചാമത്തെ പെഗില്‍ ഐസുവീഴും മുമ്പ് പിടിയില്‍.
കൊല്ലം ആശ്രാമം മൈതാനത്തിനടുത്ത ബിവറേജസ് ഔട്ട്ലെറ്റില്‍ ആണ് മോഷണം നടന്നത്. ഇരവിപുരം വാളത്തുങ്കല്‍ സ്വദേശി ബിജു(32)വാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്.

ശനിയാഴ്ച രാത്രിയാണ്സംഭവം. 910 രൂപയുടെ ഓള്‍ഡ് മങ്ക് ഫുള്ളാണ് ബിജു മോഷ്ടിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തത്. നീല ടീഷര്‍ട്ടും ജീന്‍സും ധരിച്ചെത്തിയ യുവാവ് തനിച്ച് ആദ്യം കടയിലെത്തി. ശേഷം അടുത്ത് നിന്ന, മദ്യം വാങ്ങാനെത്തിയ മറ്റൊരാളോട് സംസാരിച്ചുകൊണ്ട് നിന്ന്. രണ്ടുപേരും ഒരുമിച്ച് വന്നതാണെന്ന് കാണിക്കാനായിരുന്നു ഇത്.

ഇതിനിടെ സമീപത്ത് നില്‍ക്കുന്നവരോ മറ്റുള്ളവരോ കാണാതെ ബിജു ഒരു ഫുള്‍ ബോട്ടില്‍ ഇടുപ്പില്‍ തിരുകി. സംസാരിച്ചുകൊണ്ടു നിന്ന ആള്‍ ബില്‍ കൗണ്ടറിന് അടുത്തെത്തിയപ്പോള്‍ പുറത്തു നില്‍ക്കാം എന്ന് ആംഗ്യം കാണിച്ച് ബിജു റോഡിലേക്ക് കടക്കുകയായിരുന്നു. ഇതോടെ ബില്‍ ഓടിക്കുന്നവര്‍ രണ്ട് പേരും ഒരുമിച്ച് വന്നവരാണെന്ന് ധരിച്ചു. പിന്നീട് എണ്ണത്തില്‍ സംശയം തോന്നിയ ജീവനക്കാര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം മനസ്സിലാകുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് തട്ടിപ്പുകാരന്‍പെട്ടത്.മദ്യാസക്തിയെ തുടര്‍ന്നാണ് മദ്യം മോഷണം നടത്തിയതെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ രതീഷ്കുമാര്‍ ആര്‍, പ്രമോദ്കുമാര്‍, ശിവദാസന്‍പിളള, സി.പി.ഓ രമേശ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.