ശാസ്താംകോട്ട. സര്‍ക്കാര്‍ വക ഭൂമി എന്ന പൊതുസ്ഥലം സ്വന്തമാക്കണമെങ്കില്‍ ആര്‍ക്കും ശാസ്താംകോട്ട ടൗണിലേക്കുവരാം,ഇവിടെ ചോദിക്കാന്‍ അധികാരികളില്ല,അല്ലെങ്കില്‍ അവര്‍ക്ക് കൃത്യമായ പടി നല്‍കിയാണ് ഇത്തരം കൈയടക്കലുകള്‍ നടക്കുന്നത്.
ശാസ്താംകോട്ടയില്‍ 11 ഏക്കറോളം പൊതു സ്ഥലം കൈയേറി സ്വന്തമാക്കിയെന്നാണ് സര്‍ക്കാര്‍ കണക്ക്. കൈയേറ്റത്തിന് സഹായിക്കാന്‍ മാത്രമായി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി കൊണ്ടുവന്ന കഥവരെയുണ്ട്.
ഇപ്പോള്‍ ഫില്‍ട്ടര്‍ ഹൗസ് വളപ്പിന് ചുറ്റുമാണ് അനധികൃതമായി തെരുവുകച്ചവടക്കാര്‍ ചുറ്റിവളഞ്ഞിരിക്കുന്നത്. ടൗണില്‍ നടന്ന നവീകരണത്തിന്റെഭാഗമായി സ്ഥലംമാറിയ വഴിയോരക്കടകള്‍ എല്ലാം അതിന്റെ ഇരട്ടി സ്ഥലം സ്വന്തമാക്കി തിരികെവന്നു കഴിഞ്ഞു.

രാഷ്ട്രീയ നേതാക്കളുടെ സ്ഥിരം പണപ്പിരിവു കേന്ദ്രമാണ് ഇവിടം അതിനാല്‍ പഞ്ചായത്ത്,റവന്യൂ,പിഡ്ബ്‌ളിയുഡി ,പൊലീസ് വകുപ്പുകള്‍ക്കൊന്നും ഇവിടെ കാര്യമില്ല. കൊല്ലം നഗരത്തിനും നിരവധി പഞ്ചായത്തിനും ജലം നല്‍കുന്ന ഫില്‍ട്ടര്‍ ഹൗസിന്റെ ചുറ്റുപാടും സംരക്ഷിത മേഖലയാണെന്നാണ് വയ്പ്. ഇവിടെ വര്‍ഷാവര്‍ഷം മുള നടീലും വനവല്‍ക്കരണവും നടന്നുവന്നതാണ്. ഇപ്പോള്‍ അവിടെ മുഴുവന്‍ ആരൊക്കെയോ കയറുകെട്ടിയും വേലി കെട്ടിയും തിരിച്ചിരിക്കയാണ് ചിലര്‍ സ്ഥലം പകിടിവാങ്ങി വാടകക്ക് മറിച്ചു നല്‍കുന്നുചിലര്‍ വില്‍ക്കുന്നു. ഇവിടെ പാര്‍ക്കിംങ് ഏരിയയാക്കി ടൗണിലെ തിരക്ക് ഒഴിവാക്കാമെന്നും ഫില്‍ട്ടര്‍ ഹൗസ് മതിലിനു ചേര്‍ന്ന സ്ഥലം പാര്‍ക്ക് ആക്കുമെന്നൊക്കെയായിരുന്നു പ്രചരണം.

ഫില്‍ട്ടര്‍ ഹൗസിനുമുന്‍ഭാഗം, ഈ ഭാഗംമുഴുവന്‍ പുതിയ കടകളും മറ്റ് സ്വകാര്യ കേന്ദ്ര ങ്ങളും സ്ഥാപിച്ചു കഴിഞ്ഞു. കയര്‍കെട്ടി സ്വന്തമാക്കുന്ന സ്ഥലങ്ങളും കാണാം.


പൊതു സ്ഥലം കയ്യേറിതിരിച്ചെടുക്കാന്‍ ഏതു നിയമമാണ് അനുവദിക്കുന്നതെന്ന് ശാസ്താംകോട്ടയില്‍ പ്രശ്‌നമില്ല. കാരണം നിയമം നടപ്പിലാക്കേണ്ടവര്‍ ഇവിടെ കണ്ണുമുറുക്കി അടച്ചിരിപ്പാണ്. റവന്യൂവിനോട് ചോദിച്ചാല്‍ അവര്‍ക്ക്ല്ല മരാമത്തുവകുപ്പിനാണ് കാര്യമെന്നു പറയും മരാമത്തുവകുപ്പുദ്യോഗസ്ഥര്‍ ഓഫീസില്‍ വരുന്നത് തന്നെ അപൂര്‍വം. കിഫ്ബിക്കാരുടെ ജോലിയാണെന്നും പറഞ്ഞ് ഒഴിയുന്നവരുണ്ട്.

ശാസ്താംകോട്ട ടൗണ്‍ അതീവഗുരുതരമായ ഒരു സ്ഥിതിയിലേക്കാണ് പോകുന്നത്. ഒരാള്‍ കെട്ടിവളയുന്നത് അടുത്തയാള്‍ മറയാക്കുയാണ്. അത് പിന്നീട് വേറൊരാള്‍ക്ക് മാതൃകയാവുന്നു.

ലീഗല്‍ സര്‍വീസസ് അതോറിറ്റി അധ്യക്ഷനായി എസ്എച്ച് പഞ്ചാപകേശന്‍ ചുമതല നോക്കിയിരുന്ന രണ്ടായിത്തിനുശേഷമാണ് ഒരു പാട് കയ്യേറ്റങ്ങള്‍ക്ക് തടയിട്ടത്. ടൗണിന്‍റെ തെക്കുഭാഗത്ത് അന്നു വീതി കൂട്ടിയെടുത്ത ഭാഗങ്ങള്‍ ഇന്നും ഒന്നും ചെയ്യാനാവാതെ നില്‍ക്കുന്നു. ടൗണിലെ മാത്രമല്ല താലൂക്കിലെ പലഭാഗത്തെയും കൈയേറ്റങ്ങള്‍ക്ക് അന്ന് തടവീണിരുന്നു.

പഞ്ചായത്ത് പ്രസിഡന്‍റ് ആയിരിക്കെ സിപിഎം നേതാവ് ടി ആര്‍ ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ ആണ് താലൂക്ക് ആശുപത്രിയുടെമുന്‍വശത്തെ കൈയേറ്റം പൊളിച്ച് ആശുപത്രി യുടെ സ്ഥലം തിരിച്ചുപിടിച്ചത്. അവിടെയാണിപ്പോള്‍ എക്സ്റേ യൂണിറ്റ് നില്‍ക്കുന്നത്. ടൗണ്‍ വാര്‍ഡുമെമ്പറായിരുന്ന എന്‍. അയ്യപ്പന്‍പിള്ളയുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ നാട്ടുകാര്‍ ഫില്‍ട്ടര്‍ ഹൗസിനുമുന്നില്‍ അനധികൃതമായി ഒരു സ്ഥിരം കൈയ്യേറ്റക്കാരന്‍ സ്ഥാപിച്ച ഹരിത പച്ചക്കറി ശാല പൊളിച്ചുമാറ്റിയിരുന്നു.

താലൂക്ക് വികസന സമിതി യുടെയും ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദ്ദേശപ്രകാരം 2012-13 കാലത്താണ് ശാസ്താംകോട്ട ടൗണില്‍ നവീകരണ കയ്യേറ്റമൊഴിപ്പിക്കല്‍ ശ്രമം നടന്നത്. നട്ടെല്ലുള്ള മൂന്നു വനിതകളായിരുന്നു അന്ന് അധികാരസ്ഥാനങ്ങളില്‍. പഞ്ചായത്ത് പ്രസിഡന്‍റായി കോണ്‍ഗ്രസിലെ എംവി താരാഭായി, തഹസീല്‍ദാരായി ബേബി സുധീര, മരാമത്തു വകുപ്പ് അസി എന്‍ജീനീയറായി ഷേര്‍ലി, തെറ്റു ചൂണ്ടിക്കാട്ടാന്‍ മാധ്യമങ്ങളും രംഗത്തുണ്ടായിരുന്നു. പലയിടവും ജെസിബി വച്ച് പൊളിച്ചു മാറ്റി. ഒരു പാട് സമ്മര്‍ദ്ദങ്ങളും ഭീഷണികളും അതിജീവിച്ചാണ് ഈ മൂന്നു സ്ത്രീകളും നടപടി നീക്കി പൊതുസ്ഥലങ്ങള്‍ തിരിച്ചു പിടിച്ചത്.

സ്വകാര്യ സ്ഥാപനങ്ങളുടെ ഇറക്കുകള്‍, പൊതു സ്ഥലത്ത് സ്ഥാപിച്ച ബോര്‍ഡുകള്‍ അനധികൃതമായി നിര്‍മ്മിച്ച കടകള്‍ എന്നിവയെല്ലാം നീക്കി. പല കടകളുടെയും പടിക്കെട്ടുകള്‍ ഇന്നും ആളുകയറാനാവാത്ത വിധമാണ്. അത്ര ശക്തമായ നടപടിയായിരുന്നു ഉണ്ടായത്. അന്ന് പൊതു മുതല്‍ സംരക്ഷണത്തിനായി ക്രൂരമായി അധികൃതരുടെ പീഡനം നേരിട്ടവരിപ്പോള്‍ ചോദിക്കുന്നത് ഇപ്പോള്‍ ഇവിടെ നിയമമില്ലേ എന്നാണ്. അന്ന് നാല് കോണ്‍ക്രീറ്റ് തൂണുകള്‍ പൊളിച്ചുമാറ്റി എംവി താരാഭായി തിരിച്ചുപിടിച്ച സ്ഥലത്താണ് ഇപ്പോള്‍ ഹൈമാസ്റ്റ് ലൈറ്റ് നില്‍ക്കുന്നത്.

അതെല്ലാം പാഴ് വേലയായ നിലയാണിപ്പോള്‍. ആ കഥയൊന്നും അറിയാതെ വന്നുകൂടിയവര്‍ക്ക് ഉദ്യോഗസ്ഥ രാഷ്ട്രീയ പിണിയാളുകള്‍ തുണയായതോടെ ഇപ്പോള്‍ ആര്‍ക്കും എവിടെയും കൈയ്യടക്കാമെന്നായി. ആഞ്ഞിലിമൂട് ടൗണില്‍ അടുത്തിടെ കോണ്‍ക്രീറ്റ് ബ്ളോക്കു കള്‍ നിരത്തിയത് കടന്ന് സ്ഥലം കൈയേറാന്‍ നീക്കമാരംഭിച്ചിട്ടുണ്ട്. സ്ഥലം നോക്കേണ്ടതാരാണ് കിഫ്ബിക്കാരോ മരാമത്തുകാരോ റവന്യൂവകുപ്പോ പഞ്ചായത്തോ. ആരുമില്ലാത്ത നിലയാണിപ്പോള്‍.