കൊട്ടാരക്കര. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ സംഘം തിരിഞ്ഞു നടന്ന സംഘര്‍ഷത്തില്‍ കത്തിക്കുത്തേറ്റ മൂന്ന് പേരില്‍ ഒരാള്‍ മരിച്ചു.കുന്നിക്കോട് ആവണീശ്വരം രാജീവ് നിവാസില്‍ രാഹുല്‍ (29) ആണ് മരിച്ചത്.

മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വിനീതും അപകടനിലയിലാണ് കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജയാസ് ആശുപത്രിക്ക് മുന്നില്‍ ഇരു വിഭാഗത്തിലെയും സംഘങ്ങള്‍ ഏറ്റുമുട്ടിയത്. കുത്തേറ്റ രാഹുല്‍ ആശുപത്രിയിലേക്ക് ഓടിക്കയറിയപ്പോള്‍ അക്രമിസംഘം പിന്നാലെയെത്തി വീണ്ടും ആക്രമിച്ചിരുന്നു.ഓപ്പറേഷന്‍ തീയേറ്ററിലും പ്രസവ മുറിയിലുമൊക്കെ രാഹുല്‍ പ്രാണരക്ഷാര്‍ത്ഥംഓടിക്കയറിയിരുന്നു. ജീവന്‍ രക്ഷാ വിഭാഗമായി കരുതുന്ന ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ഗുണ്ടാസംഘങ്ങളുടേതുപോലെ ഏറ്റുമുട്ടിയത് നാട്ടുകാരെ അമ്പരപ്പിച്ചു.

അവശനിലയിലായ രാഹുല്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അവിടെ വച്ചാണ് മരണം സംഭവിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികള്‍ക്കായി അന്വേഷണം നടക്കുകയാണ്.
ഒന്നാം പ്രതി സിദ്ദീഖ് ഓടിച്ച് വന്നിരുന്ന ആംബുലസിന്റെ എന്‍ഞ്ചിന്‍ നമ്പരും ചേയ്‌സ് നമ്പരും വ്യാജമാണെന്ന വിവരം പുറത്ത് പറയാതിരിക്കാന്‍ വേണ്ടി ആസൂത്രണം ചെയ്തതായിരുന്നു അക്രമമെന്ന് പോലീസ് പറഞ്ഞു.