കൊട്ടിയം: സിത്താര ജംഗ്ഷന് സമീപം വീട്ടില്‍ കയറി യുവാവിനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ മൂന്ന് പേര്‍ പോലീസ് പിടിയിലായി. രോഹിണി വീട്ടില്‍ പൊട്ടാസ് എന്നു വിളിക്കുന്ന നിഷാദിന്‍റെ വീട്ടില്‍ 19.07.2021 ഉച്ചയ്ക്ക് കയറി ഇയാളുടെ ഭാര്യയെ മാനഹാനിപ്പെടുത്തുകയും നിഷാദിനെ തലയ്ക്കും കൈകളിലും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത സംഘത്തിലെ മൂന്ന് പേരാണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്.

ഈ കേസിലെ ആറ് പ്രതികളെ മുന്‍പ് പലപ്പോഴായി പോലീസ് പിടികൂടിയിരുന്നു. വടക്കേവിള വില്ലേജില്‍ അയത്തില്‍ പൂന്തോപ്പ് വയലില്‍, വയലില്‍ പുത്തന്‍വീട്ടില്‍ സജാദ് (33) കൊട്ടിയം ഉമയനല്ലൂര്‍ പട്ടര്മുക്കില്‍ ഫൗസിയ മന്‍സിലില്‍ സബീര്‍ (22), ഇരവിപുരം വാളത്തുംഗല്‍ സുല്‍ബത്ത് മന്‍സിലില്‍ നൗഫല്‍ (30) എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തിന് ശേഷം കാസര്‍ഗോഡ്, ബംഗ്ളൂര്‍, കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവിലായിരുന്ന ഇവര്‍ തിരികെ നാട്ടില്‍ എത്തിയതായി ജില്ലാ പോലീസ് മേധാവി നാരായണന്‍ റ്റി ഐ.പി.എസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.

സംഘത്തില്‍ ഉള്‍പ്പെട്ട ഒളിവിലായിരുന്ന പ്രതികളെ പിടികൂടുന്നതിന് വേണ്ടി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംമ്സ്റ്റന്‍. എം.സി, എസ്സ്.ഐമാരായ സുജിത്.ജി നായര്‍, റഹീം, ഷിഹാസ്, ജഹാംഗീര്‍, ശ്രീകുമാര്‍, അഷ്ടമന്‍, ഗിരീഷ്, എ.എസ്സ്.ഐ സുനില്‍കുമാര്‍, സി.പി.ഓ ദീപൂ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.