കൊല്ലം. സിനിമ സഹസംവിധായകന്‍ കിഴക്കേ കല്ലട ആച്ചേരി പുത്തന്‍വീട്ടില്‍ കല്ലട ബാലമുരളി ( വി. ബാലകൃഷ്ണന്‍ ആചാരി 63 ) നിര്യാതനായി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അന്ത്യം.

1975-85 കാലഘട്ടത്തിലെ പ്രശസ്തനായ കാഥികനായിരുന്നു. രണ്ട് പതിറ്റാണ്ടിലേറെയായി പ്രശസ്ത സംവിധായകരായ അശോക് ആര്‍ നാഥ്, അനില്‍ മുഖത്തല എന്നിവരുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു.

മിഴികള്‍ സാക്ഷി, വെണ്‍ശംഖുപോല്‍, മണ്‍സൂണ്‍, മധ്യവേനല്‍, ഉടുപ്പ്, കാന്തി തുടങ്ങിയ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്നു. സംവിധായകന്‍ അനില്‍ മുഖത്തലയോടൊപ്പം ഇരുപതോളം ടി.വി സീരിയലുകളിലും പ്രവര്‍ത്തിച്ചു.

പി.ബി. ഹാരിസ് നിര്‍മിച്ച് സുവചന്‍ സംവിധാനം ചെയ്ത രണ്ടാമത്തെ വീട് എന്ന ചിത്രത്തില്‍ ഒരു പ്രധാന വേഷം അഭിനയിച്ചിരുന്നു. സ്വന്തമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കി പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരവെയാണ് ആകസ്മികമായ അന്ത്യം. അവിവാഹിതനാണ്. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു.