കൊല്ലം: ആള്‍ താമസമില്ലാത്ത വീട്ടില്‍ കയറി ഓട്ടുമണിയും തൂക്ക് വിളക്കും മോഷണം ചെയ്തയാളെ പോലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കല പാളയംകുന്ന് വേങ്കോട് മലവിള പുത്തന്‍ വീട്ടില്‍ പ്രിന്‍സ് (28) ആണ് പോലീസ് പിടിയിലായത്.

പാരിപ്പളളി പാമ്പുറം കാര്‍ത്തിക വീട് കഴിഞ്ഞ കുറെ നാളുകാളായി ആള്‍താമസമില്ലാതെ അടഞ്ഞ് കിടക്കുകയായിരുന്നു. ഇത് മനസിലാക്കിയ ഇയാള്‍ കഴിഞ്ഞ രണ്ട് ദിവസം മുമ്പ് ഈ വീട്ടില്‍ കയറിഓട്ടുമണിയും തൂക്ക് വിളക്കും മോഷണം ചെയ്യുകയായിരുന്നു. മോഷണ വിവരം അറിഞ്ഞ് പാരിപ്പളളി പോലീസ് കേസ് എടുത്ത് സമീപ സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. തുടര്‍ന്ന് അയിരൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുളള ആക്രികടയില്‍ ഇയാള്‍ മോഷണ മുതല്‍ വില്‍ക്കാന്‍ എത്തിയ വിവരം മനസിലാക്കി പാരിപ്പളളി ഇയാളെ അയിരൂരില്‍ നിന്നും പിടികൂടി മോഷണ മുതല്‍ കണ്ടെടുക്കുകയായിരുന്നു.

പാരിപ്പളളി ഇന്‍സ്‌പെക്ടര്‍ എ.അല്‍ജബര്‍, എസ്സ്.ഐ മാരായ അനൂപ് സി നായര്‍, പ്രദീപ്, എ.എസ്.ഐ മാരായ അഖിലേഷ്, നന്ദന്‍, സി.പി.ഓ മാരായ ദിലീപ്, ജയേഷ് എന്നിവരുള്‍പ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.