കണ്ണങ്കാട്ടു കടവ് പാലത്തിന്‍റെ കാര്യം ആരു പറയും

കൊല്ലം . മണ്‍ട്രോതുരുത്തിലേക്കുള്ള പെരുമണ്‍ പാലത്തിന്റെ നിര്‍മാണം വേഗത്തിലാക്കും. ഇതിനായി സര്‍ക്കാര്‍ അടിയന്തര യോഗം ചേരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. പാലത്തിന്റെ നിര്‍മാണപുരോഗതി വിലയിരുത്താന്‍ മന്ത്രി മണ്‍ട്രോതുരുത്തിലെത്തി.

കൊല്ലത്ത ഉള്‍നാടിന്‍റെ വികസനം ആഗ്രഹിക്കുന്നവരുടെ ദശാബ്ദങ്ങളായുള്ള ആഗ്രഹമായിരുന്നു മണ്‍റോത്തുരുത്തും കൊല്ലവും കുന്നത്തൂര്‍ താലൂക്കും ബന്ധിപ്പിച്ച് പാലങ്ങള്‍ വരണമെന്നത്. എന്നാല്‍ അത് പലപ്പോഴും ടോക്കണ്‍ പണമനുവദിക്കലില്‍ ഒതുങ്ങി. ജനപ്രതിനിധികളുടെ താല്‍പര്യവും ഈ ആഗ്രഹത്തിന് തടസമായി. ടൂറിസത്തിനുകൂടി ഉതകുന്ന തരത്തില്‍ വലിയൊരു വികസനപാതയാണ് ഇതുവഴി തുറക്കപ്പെടുക.

അഷ്ടമുടിക്കായലിന് നടുവില്‍ പ്രകൃതിയൊരുക്കിയ ദൃശ്യവിരുന്നാണ് മണ്‍ട്രോതുരുത്ത്. സഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. വെള്ളത്താല്‍ ചുറ്റപ്പെട്ട ഇവിടേക്കുള്ള യാത്രമാര്‍ഗം ജങ്കാര്‍ മാത്രമായിരുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ അവസാനകാലത്ത് പെരുമണില്‍ നിന്ന് മണ്‍ട്രോതുരുത്തിലേക്ക് പാലം നിര്‍മിക്കാന്‍ തീരുമാനിച്ചു.

അതിനായി കിഫ്ബിയില്‍ നിന്ന് 60 കോടി രൂപ അനുവദിച്ചിരുന്നു. 408 മീറ്ററില്‍ നിര്‍മിക്കുന്ന പാലത്തിന്റെ 40 ശതമാനത്തോളം പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. പാലത്തിന്റെ നിര്‍മാണത്തിന് ഗതിവേഗം കൂട്ടാനാണ് സര്‍ക്കാര്‍ തീരുമാനം. അതിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പ്രദേശം സന്ദര്‍ശിച്ച് നിര്‍മാണ പുരോഗതി വിലയിരുത്തി.

അപ്രോച്ച് റോഡ് അടക്കം നിര്‍മിക്കാനായി ഒരേക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. മണ്‍റോത്തുരുത്തില്‍ നിന്നും കല്ലട ആറിനുകുറുകേ കണ്ണങ്കാട് പാലം കൂടി വരുന്നതോടെ കൊല്ലത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് പുതിയൊരു യാത്രാമാര്‍ഗം കൂടി തുറക്കപ്പെടും . ശാസ്താംകോട്ട-കൊല്ലം ദൂരം സമയം എന്നിവ ലാഭിക്കാനാവും.