ശാസ്താംകോട്ട. താലൂക്ക് ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ പഞ്ചായത്ത് പ്രസിഡന്റെിന് കോടതി ജാമ്യം നല്‍കിയതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍പോകാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ നേതാക്കള്‍ വ്യക്തമാക്കി.


ശൂരനാട് വടക്ക് പാതിരിക്കല്‍ സ്വദേശിയായ 88വയസുള്ള സരസമ്മ കിണറ്റില്‍ വീണതിനെത്തുടര്‍ന്ന് ഇവരെ ഫയര്‍ഫോവ്‌സ് എത്തി വീണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ ശരീരവുമായി താലൂക്ക് ആശുപത്രിയിലെത്തിയ ശൂരനാട് വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീകുമാര്‍ ഡ്യൂട്ടി ഡോക്ടറായ ഗണേശുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലും സമരത്തിലും അറസ്റ്റിലുമെത്തിയത്.

സംസ്ഥാന ആരോഗ്യമന്ത്രി വരെ നേരിട്ട് ഇടപെട്ടാണ് ശ്രീകുമാറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ചത്. പൊലീസ് ജാമ്യമില്ലാ വകുപ്പു ചുമത്തി ശ്രീകുമാരിനെയും യൂത്ത് കോണ്‍ഗ്ര്‌സ് നേതാവായ നിഥിന്‍ കല്ലടയേയും അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ കോടതി ഉപാധികളോടെ ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.

ജീവനുള്ള രോഗിയെ ആണ് ആശുപത്രിയിലെത്തിച്ചതെന്നും അതാണ് ഡോക്ടറോട് ആളെ നോക്കാന്‍ പറഞ്ഞിട്ട് നോക്കിയില്ല എന്നും ജനപ്രതിനിധി എന്ന നിലയില്‍ തന്റെ പഞ്ചായത്തിലെ ആളിന്റെ ജീവരക്ഷക്കാണ് ശ്രമിച്ചതെന്നുമുള്ള വാദമാണ് എന്ന വാദമുപയോഗിച്ചാണ് ശ്രീകുമാര്‍ റിമാന്‍ഡില്‍നിന്നും രക്ഷപ്പെട്ടതെന്നുമാണ് സംഘടന പറയുന്നത്.

ഇതിനെതിരെ ചേതനയറ്റ ശരീരമാണ് പുറത്തെടുത്തത് എന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസിന്റെ ഇന്‍സിഡന്റ് റിപ്പോര്‍ട്ട് ഉണ്ടെന്നും ഇതുപയോഗിച്ച് ഹൈക്കോടതിയിലെത്തി മര്‍ദ്ദനമേറ്റ ഡോക്ടര്‍ക്ക് നീതി ആവശ്യപ്പെടുമെന്നുമാണ് കെജിഎംഒഎ നേതാക്കള്‍ പറയുന്നത്. ഹൈക്കോടതിയില്‍ അപ്പീല്‍ പോകുമെന്ന് കെ ജി എം ഒ എ ജില്ലാ കമ്മറ്റി അറിയിച്ചു.


എന്നാല്‍ ഡോക്ടറുടെ ധാര്‍ഷ്ട്യവും ജനപ്രതിനിധിയോടുള്ള മോശമായ പെരുമാറ്റവും കൈയേറ്റത്തിനുള്ള ശ്രമവുമാണ് കോടതിയിലുന്നയിച്ചതെന്ന് ശ്രീകുമാര്‍ പറയുന്നു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയെന്ന നിയമം ഉപയോഗിച്ച് ജനപ്രതിനിധിയെന്ന പരിഗണനയില്ലാതെ തന്നെ ജയിലിലടക്കാന്‍ ശ്രമിച്ചത് കോടതിക്ക് ബോധ്യമായതാണ് കോടതി ജാമ്യമനുവദിക്കാന്‍ ഇടയാക്കിയതെന്ന് ശ്രീകുമാര്‍പറയുന്നു. രാഷ്ട്രീയമായ ഗൂഡാലോചനയും ഉദ്യോഗസ്ഥ സംഘടനയുടെ കുതന്ത്രവും നീതിപീഠത്തിനുബോധ്യപ്പെട്ടതാണ് പൊതുപ്രവര്‍ത്തകരെ മോചിപ്പിക്കാന്‍ കാരണമായത് .