കൊട്ടാരക്കര.ജമ്മുകാശ്മീരിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിൻ്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. പൂഞ്ചിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ധീരജവാന്റെ വീരമൃത്യു. കൊല്ലം ഓടനാവട്ടം കുടവട്ടൂർ ആശാൻമുക്ക് വിശാഖത്തിൽ ഹരികുമാറിന്റെയും ബീനയുടെയും മകനാണ് 24 കാരനായ എച്ച്.വൈശാഖ്.

രാജ്യത്തിൻ്റെ അഭിമാനമുയർത്തി വിടചൊല്ലിയ പ്രിയസൈനികനെ ഒരു നോക്കു കാണാൻ നാട് കുടവെട്ടൂര്‍ എല്‍പി സ്കൂളിലേക്കും വീട്ടിലേക്കും ഒഴുകുകയാണ്.

കശ്മീരിൽ പൂർണ ഔദ്യോഗിക ബഹുമതി നൽകിയ ഭൗതികദേഹം ഇന്നലെ രാത്രിയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്.

കേരള ധനകാര്യ മന്ത്രി ശ്രീ കെ എന്‍ ബാലഗോപാല്‍, മാവേലിക്കര എം.പി. ശ്രീ കൊടിക്കുന്നില്‍ സുരേഷ്, തിരുവനന്തപുരം ജില്ലാ കളക്ടര്‍ ശ്രീ നവജ്യോത് ഖോസ ഐഎഎസ്, പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ അഡ്മിന്‍ കമാന്‍ഡന്‍റ് കേണല്‍ മുരളി ശ്രീധര്‍, പാങ്ങോട് മിലിറ്ററി സ്റ്റേഷന്‍ സ്റ്റാഫ് ഓഫീസര്‍ ലെഫ്റ്റനന്‍റ് കേണല്‍ സോമേഷ് ഭട്നഗര്‍, ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ വി വി രാജേഷ്, കേരള സ്റ്റേറ്റ് എക്സ് സര്‍വീസ്മെന്‍ ലീഗ,് മറ്റ് സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തില്‍ വിമാനത്താവളത്തിലെത്തുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.

ഡൊമസ്റ്റിക് ടെര്‍മിനലിനടുത്തുള്ള ശ്രദ്ധാഞ്ജലിസ്ഥാനില്‍ സൈനിക ബഹുമതികള്‍ അര്‍പ്പിച്ച ശേഷം മൃതദേഹം പാങ്ങോട് സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെ പാങ്ങോട് മിലിറ്ററി ക്യാമ്പിൽ നിന്നും കുടവട്ടൂരിൽ കൊണ്ടുവന്ന ഭൗതികശരീരം ബൈക്ക് റാലിയും വിലാപയാത്രയുമായി വൈശാഖ് പഠിച്ച കുടവട്ടൂർ പ്രീ പ്രൈമറി എൽ പി സ്കൂളിൽ പൊതുദർശനത്തിന് വയ്ക്കുകയാണ്.


ഭീകരർ ഒളിച്ചിരുപ്പുണ്ടെന്ന വിവരത്തെ തുടർന്ന് പൂഞ്ച് ജില്ലയിലെ സുരൻഖോട്ട് മേഖലയിലെ ഗ്രാമങ്ങളിൽ നടത്തിയ തിരച്ചിലിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് വൈശാഖിന് വീരമൃത്യു സംഭവിച്ചത്. നാടിനു വേണ്ടി പൊരുതി വീരമൃത്യു വരിച്ച അഞ്ചു ഇന്ത്യൻ പട്ടാളക്കാരിൽ ഒരാളായി വൈശാഖ്. വൈശാഖിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അധ്യാപകരും സുഹൃത്തുക്കളും ഏറെ ദുഖിതരാണ്

അഞ്ചുവർഷം മുൻപ് ആരംഭിച്ച സൈനിക സേവനത്തിന് ജോലിക്കയറ്റം ലഭിക്കാനിരിക്കെയാണ് വീര മൃത്യു വരിച്ചത്. പ്ളസ് ടു കഴിഞ്ഞ് ബിരുദ പഠനം നടത്തുന്നതിനിടെയാണ് വൈശാഖിന് സൈന്യത്തിൽ ജോലി ലഭിക്കുന്നത്. കായിക രംഗത്തെ മികവ് വൈശാഖിനെ സൈന്യത്തിൻ്റെ ഭാഗമാക്കി.വൈശാഖിന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ലന്ന്‌ പ്രിയപ്പെട്ടവർ പറയുന്നു. വൈകിട്ട് പൂണ്ണ സൈനിക ബഹുമതികളോടെ സംസ്കരിക്കും.