കായംകുളം. കാമുകി സഹിതം ബൈക്കില്‍ കറങ്ങി നടന്ന് മാല പൊട്ടിച്ച സംഘം അറസ്റ്റില്‍. യുവതിയടക്കം മൂന്നുപേരെയാണ് കായംകുളം പൊലിസ് വലയിലാക്കിയത്. പത്തിയൂര്‍ വില്ലേജില്‍ അന്‍വര്‍ ഷാ(22) കാമുകി മുണ്ടക്കയം ചാനക്കുടി വീട്ടില്‍ ആതിര(24) കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണന്‍ (19) എന്നിവരെയാണ് കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്ത്വത്തില്‍ പിടികൂടിയത്.
ആഗസ്റ്റ് 26ന് മെഴുവേലത്ത് സജീവന്റെ ഭാര്യയുടെ മാലയാണ് ഇവര്‍ പൊട്ടിച്ച് കടന്നത്. വഴി ചോദിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തിയ ശേഷം ബൈക്കിന് പുറകിലിരുന്ന ആതിര മാല പൊട്ടിച്ച് കടന്ന് കളയുകയായിരുന്നു.

തിരുവല്ലയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ കായംകുളത്തെത്തിയാണ് ഇവര്‍ മാലപൊട്ടിച്ചത്. ഓച്ചിറയിലെ കടയില്‍ വില്പന നടത്തി. സ്‌കൂട്ടര്‍ കൃഷ്ണപുരം ഭാഗത്ത് ഉപേക്ഷിച്ചു. മൂന്നാര്‍, ബംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു. എറണാകുളത്തെത്തിയതോടെയാണ് പിടിയിലായത്.
സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈല്‍ ഫോണും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ കുടുങ്ങിയത്. ചോദ്യം ചെയ്യലില്‍ ബാംഗ്ലൂരില്‍ നിന്നും എഴുപത് വയസ്സുള്ള വൃദ്ധയുടെ ഒമ്ബത് പവന്റെമാല പൊട്ടിച്ചെടുത്തതായും പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.