ശിവാം കുന്നിനെ സംരക്ഷിക്കാന്‍ദീപം തെളിയിച്ച് പെരുംകുളത്തുകാര്‍

Advertisement

കൊട്ടാരക്കര: പെരുംകുളം-കോട്ടാത്തല ഗ്രാമങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ശിവാംകുന്നിനെ മണ്ണിടിച്ച് കടത്തിക്കൊണ്ട് പോകാനുള്ള മണ്ണ് മാഫിയയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ദീപം തെളിയിച്ച് കുന്നിന് മുകളില്‍ ഒത്തുകൂടി പ്രതിജ്ഞയെടുത്തു. ആദ്യഘട്ടത്തില്‍ ജനപ്രതിനിധികളെയും വിവിധ രാഷ്ട്രീയ നേതാക്കളെയും ഒക്കെ ശിവന്‍കുന്നിലെത്തിച്ച് സമരം സംഘടിപ്പിച്ചിരുന്നു.
കുന്നിന് സമീപത്തുള്ള കൂടുതല്‍ സ്ഥലങ്ങള്‍ മണ്ണ്മാഫിയ കരസ്ഥമാക്കിയത് കോടികള്‍ വിലയുള്ള മണ്ണിനെ ലക്ഷ്യമാക്കിയാണെന്ന് മനസ്സിലാക്കിയതോടെയാണ് രണ്ടാംഘട്ട സമര പരിപാടികള്‍ സംഘടിപ്പിക്കാന്‍ കുന്ന് സംരക്ഷിക്കാന്‍ രൂപം കൊണ്ട ജനകീയ ജാഗ്രത സമിതി തീരുമാനിച്ചത്. എന്ത് വിലകൊടുത്തും മണ്ണമാഫിയയെ തടയുമെന്ന് ദീപം തെളിയിക്കല്‍ ഉദ്ഘാടനം ചെയ്ത കണ്‍വീന്‍ എന്‍.ബേബി പറഞ്ഞു.
നാട്ടുകാരെ സംഘടിപ്പിച്ച് ജനകീയ മനുഷ്യ ചങ്ങല സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജനകീയ ജാഗ്രതാസമിതി ഭാരവാഹികള്‍ അറിയിച്ചു. കോട്ടാത്തല, പെരുംകുളം, പള്ളിക്കല്‍ തുടങ്ങിയ മൂന്ന് ഗ്രാമങ്ങളിലെ അഞ്ചോളം ഏലാകളിലെയും അഞ്ഞൂറോളം കുടുംബങ്ങളുടെ കിണറുകളിലെ കുടിവെള്ളത്തിന്റെയും സ്രോതസ്സാണ് ശിവന്‍കുന്ന്.

Advertisement