സൈഡ് നല്‍കിയില്ല,മോട്ടോര്‍സൈക്കിള്‍ യാത്രക്കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Advertisement

കൊല്ലം. വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പോലീസ് പിടിയിലായി. വടക്കേവിള കൊച്ചു കാവഴികത്ത് നാദിര്‍ഷ (26) ആണ് ഇരവിപുരം പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ ഇരവിപുരം സ്വദേശിയായ സെയ്ദലി സുഹൃത്തായ ബിലാലിനോടൊപ്പം പോളയത്തോട് നിന്നും മോട്ടോര്‍ സൈക്കിളില്‍ പള്ളിമുക്ക് ഭാഗത്തേക്ക് വരുന്നതിനിടയില്‍ പുറകില്‍ വന്ന പിക്കപ്പ് വാന്‍ സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്ന് ഹോണ്‍ മുഴക്കിയിരുന്നു. തുടര്‍ച്ചയായുള്ള ഹോണ്‍ അടിയില്‍ മോട്ടോര്‍ സൈക്കിള്‍ വശത്തേക്ക് ഒതുക്കി നിര്‍ത്തിയ സമയം പിക്കപ്പ് വാനിലെ ഡ്രൈവര്‍ ആയ പ്രതി ഇവരെ ചീത്തവിളിച്ച് കൊണ്ട് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ സെയ്ദലിയുടെ മുതുകില്‍ ആഴത്തില്‍ കുത്ത് ഏല്‍ക്കുകയും തോളെല്ലിന് പൊട്ടലും സംഭവിച്ചു. തുടര്‍ന്ന് ഇയാള്‍ ഇരവിപുരം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്പെക്ടര്‍ രാജീവിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ ജയേഷ്, സക്കീര്‍, സി.പി.ഓ സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്