മുപ്പത് ദിവസമായി ചാലില്‍ തളര്‍ന്നു കിടന്ന പശുവിനെ പ്രദേശവാസികള്‍ രക്ഷപ്പെടുത്തി

Advertisement

കൊട്ടാരക്കര: നെടുവത്തൂര്‍ പഞ്ചായത്തിലെ തേവലപ്പുറത്ത് കഴിഞ്ഞ 30 ദിവസമായി പറമ്പിലെ ചാലില്‍ തളര്‍ന്നു വീണ നിറഗര്‍ഭിണിയായ പശുവിനെ എണീപ്പിക്കാനാകാതെ വീട്ടമ്മ വിഷമത്തിലായിരിക്കുന്നു. പശുവിനെ കരയിലേക്ക് മാറ്റാനായി ഫയര്‍ ഫോഴ്‌സിന്റെ ഉള്‍പ്പടെ സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും ലഭിക്കാതെ വന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെണ്മണ്ണൂര്‍, ആനക്കോട്ടൂര്‍, തേവലപ്പുറം ഭാഗത്തെ ഒരു കൂട്ടം ആള്‍ക്കാര്‍ രംഗത്തെത്തി കഠിന ശ്രമത്തിനോടുവില്‍ പശുവിനെ ചാലില്‍ നിന്നും കരയില്‍ എത്തിക്കുകയായിരുന്നു.
തേവലപ്പുറം, മണ്ണൂരഴികത്തു വീട്ടില്‍ ഐഷയുടെ വീട്ടിലെ പശുവിനാണ് നട്ടെല്ലിന് പരിക്ക് പറ്റി പറമ്പില്‍ അകപ്പെട്ടത്. പലരും പല തവണ ശ്രമിച്ചെങ്കിലും പശുവിനെ ഉയര്‍ത്താന്‍ സാധിച്ചില്ല. വിദഗ്ധ ചികിത്സ നല്‍കി പശുവിനെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കൗ ലിഫ്റ്റ് കൊണ്ട് വന്നു പശുവിനെ എണീപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ശ്രീകുമാര്‍, വെണ്മണ്ണൂര്‍ ഷിബിന്‍, നീതിമുന്ന, വിജിത്ത് ആനക്കോട്ടൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പശുവിനെ കരയ്ക്ക് എത്തിച്ചത്.

Advertisement