കുട്ടികളുടെ ത്രിദിന ചലച്ചിത്രാസ്വാദനക്യാമ്പിന് കൊല്ലത്ത് തുടക്കമായി

കൊല്ലം.കുട്ടികളില്‍ ഉയര്‍ന്ന ചലച്ചിത്ര ആസ്വാദനശീലം വളര്‍ത്തുന്നതിനായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കൊല്ലം ശ്രീനാരായണഗുരു സംസ്‌കാരിക സമുച്ചയത്തില്‍ വെച്ച് 23,24,25 തീയതികളിലായി സംഘടിപ്പിക്കുന്ന ത്രിദിന ചലച്ചിത്ര ആസ്വാദന ക്യാമ്പിന് തുടക്കമായി. രാവിലെ 10.30ന് നടന്ന ചടങ്ങില്‍ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. നൂറില്‍പ്പരം വര്‍ഷങ്ങളുടെ പഴക്കുമുള്ള കലാരൂപമായ സിനിമയെ ആഴത്തില്‍ മനസ്സിലാക്കാന്‍ ഇത്തരം ആസ്വാദന ക്യാമ്പുകള്‍ ഉപകരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഓരോ ദൃശ്യങ്ങളുടെയും അര്‍ത്ഥങ്ങള്‍ പൂര്‍ണമാവുന്നത് പ്രേക്ഷകന്റെ മനസ്സിലാണ്. അത്തരത്തില്‍ സിനിമയെ വ്യാഖ്യാനിക്കാനുള്ള ആസ്വാദനനിലവാരം പ്രേക്ഷകന് ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍ അധ്യക്ഷനായി. ചലച്ചിത്ര അക്കാദമി സെക്രട്ടറി സി അജോയ്, സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അരുണ്‍ ഗോപി, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ സനില്‍ വെള്ളിമണ്‍, ക്യാമ്പ് ഡയറക്ടര്‍ ഗായത്രി വര്‍ഷ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈന്‍ ദേവ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിനെ തുടര്‍ന്ന് നടന്‍ പ്രേംകുമാറുമായി കുട്ടികള്‍ സംവദിച്ചു. ‘ചലച്ചിത്രാസ്വാദനത്തിന് ഒരു ആമുഖം’ എന്ന വിഷയത്തില്‍ സംവിധായികയും നടിയുമായ സൗമ്യ സദാനന്ദന്‍, ‘കഥയും തിരക്കഥയും’ എന്ന വിഷയത്തില്‍ പി.വി ഷാജികുമാറും ക്‌ളാസെടുത്തു. തുടര്‍ന്ന് ഹൈഫ അല്‍ മന്‍സൂര്‍ സംവിധാനം ചെയ്ത സൗദി അറേബ്യന്‍ സിനിമയായ ‘വാജ്ദ’ പ്രദര്‍ശിപ്പിച്ചു.
ശിശു ക്ഷേമസമിതിയുടെയും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെയും സഹകരണത്തോടെ നടത്തുന്ന ക്യാമ്പില്‍ തെക്കന്‍ ജില്ലകളില്‍ നിന്നുള്ള 8,9,10 ക്‌ളാസ്സുകളിലുള്ള 56 കുട്ടികളാണ് പങ്കെടുക്കുന്നത്. ജിയോ ബേബി, ജി.പ്രജേഷ് സെന്‍, വിപിന്‍ ആറ്റ്‌ലി തുടങ്ങിയവര്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്‌ളാസുകള്‍ നയിക്കും. സമാപന ദിവസം നടന്‍ എം മുകേഷ് എം.എല്‍.എ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിക്കും.
ബോം ജൂങ് ഹും സംവിധാനം ചെയ്ത ‘ഒക്ജ’, സത്യജിത് റേയുടെ ‘റ്റു’, അബ്ബാസ് കിരോസ്തമിയുടെ ടു സൊല്യൂഷന്‍സ് ഫോര്‍ വണ്‍ പ്രോബ്‌ളം, ആല്‍ബര്‍ട്ട് ലമോറിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘ദി റെഡ് ബലൂണ്‍ ‘തുടങ്ങിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.

Advertisement