ഈ മൈനാഗപ്പള്ളിക്കാര്‍ ചിരട്ട മിനുക്കിയെടുത്താല്‍ , അഴകും ജീവിതവും

കൊല്ലം .ചിരട്ട എടുപ്പിക്കും എന്നാല്‍ മോശമായ കാര്യമാണ് പണ്ട്. എന്നാല്‍ ഉപയോഗിച്ച് വലിച്ചെറിഞ്ഞ ചിരട്ടകളിൽ തങ്ങളുടെ ജീവിതം മിനുക്കിയെടുക്കുകയാണ് മൈനാഗപ്പള്ളി സ്വദേശികളായ ശിവൻകുട്ടിയും ഭാര്യ സരളയും. ജീവിത സായാഹ്നത്തിൽ തളർന്ന് പോകാതെ ചിരട്ടകൾ ഉപയോഗിച്ച് കരകൗശല ഉൽപ്പന്നങ്ങൾ മുതൽ ദൈവവിഗ്രഹങ്ങൾ വരെ നിർമ്മിച്ചു വിൽക്കുകയാണ് ഈ വൃദ്ധദമ്പതികൾ.

എന്റെ കേരളം പ്രദർശന വിപണന മേളയിലെ പ്രധാന ആകർഷണ കേന്ദ്രമായി മാറുകയാണ് ശിവൻകുട്ടിയുടെയും സരളയുടെയും ചിരട്ടകളാൽ നിർമ്മിച്ച കരകൗശല സ്റ്റാൾ. 25 രൂപ മുതൽ 40,000 രൂപ വരെയുള്ള വിവിധ കരകൗശല ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. നിർമ്മാണ തൊഴിലാളിയായിരുന്ന ശിവൻകുട്ടി ഹൃദ്രോഗം ബാധിച്ച് കിടപ്പിലായി. അതിനിടയിൽ അടുക്കളയിൽ ഉപയോഗശൂന്യമായി കിടന്നിരുന്ന ചിരട്ട ഉപയോഗിച്ച് ചായക്കപ്പ് നിർമ്മിച്ചുകൊണ്ടാണ് ഈ രംഗത്തേക്ക് അപ്രതീക്ഷിതമായി കടന്നു വന്നത്. തുടർന്ന് ഈ കലാവിരുത് ദമ്പതികളുടെ ജീവിതോപാധിയായി മാറുകയായിരുന്നു.

കശുവണ്ടി തൊഴിലാളിയായിരുന്ന സരള ജോലിയിൽ നിന്ന് വിരമിച്ചതോടെ ശിവൻകുട്ടിക്ക് കൂട്ടായി കൂടി. ആദ്യ നാളുകളിൽ വീടുകളിൽ നിന്നും ഉപയോഗശൂന്യമായ ചിരട്ടകൾ ശേഖരിച്ചായിരുന്നു ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ചിരട്ട ഉൽപ്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറിയതോടെ തേങ്ങ മൊത്തമായി വാങ്ങുന്നു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും, കുടുംബശ്രീയുടെ തണലിൽ ‘കൃഷ്ണാഞ്ജലി’ എന്ന ചെറിയ സ്ഥാപനം അവർ പടുത്തുയർത്തി. ഇന്ന് സ്വന്തം അധ്വാനത്തിന്റെ തണലിൽ അതിജീവനത്തിന്റെ പുത്തൻ മാതൃക സൃഷ്ടിക്കുന്ന ശിവൻകുട്ടിയുടയും സരളയുടെയും കരകൗശല സ്റ്റോൾ മേളയിലെ മനോഹരമായ കാഴ്ച്ചയായി മാറി കഴിഞ്ഞു.

Advertisement