ശക്തമായ കാറ്റിലും മഴയിലും നിരവധി വീടുകൾ തകർന്നു:കുന്നത്തൂർ താലൂക്കിൽ കോടികളുടെ നഷ്ടം

ശാസ്താംകോട്ട : തിങ്കളാഴ്ച വൈകിട്ടോടെ വീശിയടിച്ചശക്തമായ കാറ്റിലും മഴയിലും കുന്നത്തൂർ താലൂക്കിൽ നിരവധി വീടുകൾ തകർന്നു.ഇലക്ട്രിക് പോസ്റ്റുകളും
വൈദ്യുതി ലൈനുകളും നിലം പൊത്തി.വിവിധ ഏലാകളിലെ കൃഷി പൂർണമായും നശിച്ചു.കൂറ്റൻ മരങ്ങൾ പിഴുതു വീണും ഒടിഞ്ഞു വീണുമാണ് വീടുകൾ തകർന്നത്.കോടികളുടെ നാശ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്.താലൂക്കിൽ
മൈനാഗപ്പള്ളി,പടിഞ്ഞാറെ കല്ലട പഞ്ചായത്തുകളിലാണ് നാശനഷ്ടമേറെയും.
വടക്കൻ മൈനാഗപ്പള്ളി ലതാ ഭവനത്തിൽ ആനന്ദൻ പിള്ള,നാട്ടന്നൂർ സതീശൻ,പൂവമ്പള്ളിൽ പൊന്നമ്മയമ്മ,അഞ്ചുവിള കിഴക്കതിൽ ജഗദ,പണ്ടാരവിളയിൽസുമതി,കാരൂർത്തറയിൽ സരസ്വതി എന്നിവരുടെ വീടുകളാണ് മരം വീണ് പൂർണ്ണമായി തകർന്നത്.തെക്കടത്ത് തെക്കതിൽ ചന്ദ്രൻ പിള്ളയുടെ വീട്ടിലെ മരങ്ങൾ പൂർണ്ണമായും പിഴുതുവീണു.ഹരിതത്തിൽ മധുസൂധനൻ പിള്ളയുടെ കാറിന് മുകളിൽ മരം വീണ് കാർ തകർന്നു.ആദർശ് ഭവനത്തിൽ തുളസീധരൻ പിള്ളയുടെ കാലിത്തൊഴുത്തിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു.ചിത്തിരവിലാസം സ്കൂളിന്റെ പരിസരത്ത് നിന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മാവ് കടപുഴകി.പെരുമ്പള്ളി കോളനിയിലെ നിരവധി വീടുകൾ പൂർണ്ണമായും ഭാഗികമായും തകർന്ന നിലയിലാണ്. ശാസ്താംകോട്ട – കരുനാഗപ്പള്ളി പ്രധാന പാതയിൽ മൈനാഗപ്പള്ളി
റെയിൽവേ ക്രോസിനു സമീപം സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോർഡ് തകർന്നു വീണു.വെസ്റ്റ് കല്ലട വില്ലേജിൽ കാരാളി ടൗൺ വാർഡിൽ ശക്തമായ കാറ്റിലും മഴയിലും വലിയ
നാശനഷ്ടങ്ങളാണ് സംഭവിച്ചത്.കുഴിയയ്യത്ത് ബാബുവിന്റെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരങ്ങൾ വീണ് വീട് പൂർണമായും തകർന്നു.ജി.ആർ നിവാസിൽ ശിവരാമപിള്ളയുടെ വീട് ഭാഗികമായി തകർന്നു.ലക്ഷ്മി ഭവനത്തിൽ ലംബോദരൻ പിള്ളയുടെ മതിൽ മരം വീണ് തകർന്നു.റോഡിലേക്ക് വീണു കിടന്ന ആഞ്ഞിലി കുണ്ടറയിൽ നിന്നുമെത്തിയ ഫയർ ഫോഴ്സ് സംഘം വെട്ടി മാറ്റി.ഇവിടെ മൂന്ന് വൈദ്യുതി പോസ്റ്റുകൾ നിലംപതിച്ചു.
ഇത് ഗതാഗത തടസ്സത്തിനും കാരണമായിട്ടുണ്ട്.മുട്ടചരുവിലും സമാന രീതിയിൽ മരം പിഴുതു വീഴുകയും രണ്ട് വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് ഒടിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്.ശാസ്താംകോട്ട പഞ്ചായത്തിൽ 3 വീടുകൾ ഭാഗികമായി തകർന്നു.കുന്നത്തൂർ,പോരുവഴി,
ശൂരനാട് വടക്ക്,ശൂരനാട് തെക്ക് എന്നിവിടങ്ങളിലും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

Advertisement