ഭാര്യ കരൾ പകുത്തു നൽകിയിട്ടും
വിധി അരുണിനെ തോൽപ്പിച്ചു; ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണം

കോഴിക്കോട് : ഭാര്യ കരൾ പകുത്തു നൽകിയിട്ടും മരണത്തിന് കീഴടങ്ങി
കൊല്ലം ഇടയ്ക്കാട് സ്വദേശിയായ
അരുൺ എം.എസ് (40, അനീഷ്).കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അരുൺ ഇന്ന് (ചൊവ്വ) രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.കരൾമാറ്റ ശസ്ത്രക്രിയ നടത്തിയത് നാല് ദിവസം മുമ്പാണ്.ഭർത്താവിന്റെ ജീവൻ രക്ഷിക്കാൻ ഭാര്യ സ്മിതയാണ് കരൾ പകുത്ത് നൽകിയത്.ശസ്ത്രക്രിയക്ക് ശേഷം ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ തന്നെ കഴിഞ്ഞു വരികയായിരുന്നു.ഇതിനിടയിലാണ് അരുണിനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം കൂട്ടിക്കൊണ്ട് പോയത്.നടപടിക്രമങ്ങൾക്കു ശേഷം മൃതദേഹം ഇന്ന് വൈകിട്ടോടെ വീട്ടിലെത്തിച്ച് സംസ്ക്കരിക്കുമെന്നാണ് അറിയുന്നത്.പോരുവഴി ഇടയ്ക്കാട് തെക്ക് മധുമന്ദിരത്തിൽ അരുണിനെ
അപ്രതീക്ഷിതമായാണ് രോഗം വേട്ടയാടിയത്.മഞ്ഞപിത്തം ബാധിച്ച്
ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴേക്കും രോഗം കലശലായിരുന്നു.തുടർന്ന് എറണാകുളം
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചപ്പോഴാണ് ഗുരുതരമായ കരൾ രോഗം അരുണിനെ പിടിമുറുക്കിയിരിക്കുന്ന വിവരമറിയുന്നത്.പിന്നീടാണ് കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയത്.കരൾ മാറ്റ ശസ്ത്രക്രിയക്ക് 22 ലക്ഷം രൂപയാണ് വേണ്ടി വന്നത്.ശാസ്താംകോട്ടയിൽ വക്കീൽ ഗുമസ്തനായി പ്രവർത്തിച്ചു വരികയായിരുന്ന അരുണിന്റെ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന നിർദ്ധന കുടുംബം ഇത്രയും തുക കണ്ടെത്താൻ കഴിയാതെ പകച്ചു.തുടർന്ന് അരുണിന്റെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്തെത്തുകയും വാർഡ് മെമ്പർ ശ്രീത.എസ്,അഭിലാഷ്.എം.എസ് എന്നിവരുടെ പേരിൽ എസ്.ബി.ഐ പോരുവഴി ബ്രാഞ്ചിൽ അക്കൗണ്ട് ആരംഭിച്ചെങ്കിലും വേണ്ടത്ര തുക സമാഹരിക്കാൻ കഴിഞ്ഞിരുന്നില്ല. സമയ മില്ലാത്തതിനാൽ കടം വാങ്ങിയും മറ്റും ശസ്ത്രക്രിയ പൂർത്തിയാക്കിയെങ്കിലും വിധി എതിരാവുകയായിരുന്നു.

Advertisement