മൈനാഗപ്പള്ളിയില്‍ നിരവധി അക്രമം നടത്തിയ ഗുണ്ട കാപ്പാ തടങ്കലിൽ

ശാസ്താംകോട്ട. നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയായ യുവാവിനെ കാപ്പാ നിയമം പ്രകാരം ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലേക്ക് മാറ്റി.മൈനാഗപ്പള്ളി
ചിത്തിരവിലാസം സ്ക്കൂളിനു സമീപം ചരിപ്പുവിള തെക്കതിൽ ലൂസി എന്ന് വിളിക്കുന്ന ശ്രീലാൽ(23) നെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.കഴിഞ്ഞ ഡിസംബർ 7ന് രാത്രി 10.30 ന് മണ്ണൂർക്കാവ് – കല്ലുകടവ് റോഡിൽ ബൈക്കിൽ വരികയായിരുന്ന പിതാവിനെയും മകനെയും തടഞ്ഞു നിർത്തി ശ്രീലാലും സംഘവും ചേർന്ന് മൺവെട്ടി,ഇരുമ്പ് പൈപ്പ്,കമ്പി എന്നിവ ഉപയോഗിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിലെ പ്രതിയാണ്.കഴിഞ്ഞ വർഷം മെയ് 19 ന് രാത്രി 9.30ന് കരുനാഗപ്പള്ളിയിലെ ഐസ്ക്രീം ഔട്ട്ലറ്റിൽ നിന്നും കളക്ഷൻ തുക ഉടമയെ ഏൽപ്പിക്കാൻ വരികയായിരുന്ന യുവാവിനെ മൈനാഗപ്പള്ളി
ചിത്തിരവിലാസം സ്ക്കൂളിനു സമീപം വച്ച് ബൈക്കിൽ നിന്നും തള്ളിയിട്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം പണം കവർന്ന കേസ്സിലും ശ്രീലാൽ പ്രതിയാണ്.

കഴിഞ്ഞ ഫെബ്രുവരി 18ന് മാടൻനട ക്ഷേത്രത്തിലെ ഉത്സവ ദിവസം രാത്രി എട്ടിന് ശ്രീലാലും മറ്റ് നാല് പേരും ചേർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചിരുന്നു.ഇതിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ശാസ്താംകോട്ട എസ്.ഐ യുടെ നേതൃത്വത്തിലാണ് പിടികൂടിയത്.ശാസ്താംകോട്ട ഡിവൈഎസ്പി എസ്.ഷെരീഫ് റൂറൽ ജില്ലാ പോലീസ് മേധാവി എം.എൽ സുനിൽ മുഖേന സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് ജില്ലാ കളക്ടർ അഫ്‌സാന പ്രവീൺ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിലേക്കു ഉത്തരവിറക്കിയത്.

Advertisement