കണ്ണനല്ലൂരില്‍ കണ്ടത് കരടിയോ പന്നിയോ ,ആശങ്ക ബാക്കി

കൊട്ടിയം: ജനവാസ മേഖലയിൽ കരടിയെ കണ്ടെന്ന വാർത്ത ഒരു പ്രദേശത്തെ ജനങ്ങളെയാകെ പരിഭ്രാന്തിയിലാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരും, പൊലീസും സ്ഥലത്തെത്തി കരടിയല്ലെന്ന് സ്ഥിരീകരിച്ചതോടെയാണ് ജനത്തിന് ശ്വാസം നേരെ വീണത്. ശനിയാഴ്ച പുലർച്ചേ അഞ്ചരയോടെയാണ് കണ്ണനല്ലൂർ നോർത്ത് വാർഡിൽ ചേരീക്കോണത്ത് കനാലിന് സമീപത്തെ വീടിനോട് ചേർന്ന പറമ്പിലാണ് കരടിയെ ആദ്യം കണ്ടതെന്നാണ് പറയുന്നത്.പിന്നീട് മറ്റൊരു സ്ഥലത്ത് കരടിയെ കണ്ടതായും പറയുന്നു.പുലർച്ചേ അഞ്ചരയോടെയാണ് വീട്ടുപരിസരത്ത് അനക്കം കേട്ടതെന്നും വെളിച്ചം കുറവായതിനാൽ ഒന്നും കാണാനായില്ലെന്നും വീട്ടമ്മ പറയുന്നു.രാവിലെ ഏഴോടെ കടയിൽ പോകുന്നതിനായി പുറത്തിറങ്ങിയപ്പോൾ വാഴയും മരച്ചീനിയും മറ്റും കൃഷി ചെയ്തിരിക്കുന്ന സ്ഥലത്ത് ഒരു അനക്കം കേൾക്കുന്നതു കേട്ട് നോക്കിയപ്പോൾ വലിയ ഒരു ജീവി ഇരിക്കുന്നതായി കണ്ടു. ഒരു കല്ലെടുത്ത് എറിഞ്ഞപ്പോഴേക്കും ഇത് എഴുനേൽക്കുന്നതു കണ്ട് ഭയന്ന വീട്ടമ്മ വീട്ടിലേക്ക് ഓടാൻ ശ്രമിക്കുന്നതിനിടെ മറിഞ്ഞു വീണു.ഇവരുടെ ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ പരിസരമാകെ തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കാടുകയറി കിടക്കുന്ന കനാലിലൂടെ കരടിയെത്തിയതാണെന്ന സംശയത്തിൽ നാട്ടുകാർ ഉറച്ചു നിന്നതോടെ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തുകയും പൊലീസിനെയും, വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. വനം വകുപ്പും, ഫോറൻസിക് വിഭാഗവും സ്ഥലത്തെത്തി പ്രദേശത്തു കണ്ട കാൽപ്പാടു കൾ കാട്ടുപന്നിയുടെ താണെന്ന് സ്ഥിരികരിച്ചു. കാട്ടുപന്നിയാണെങ്കിൽ അത് എങ്ങോട്ടു പോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. പ്രദേശത്ത്കരടി എത്തിയതിൻ്റെ യാതൊരു ലക്ഷണവും കണ്ടെത്താനായില്ലെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

ജില്ലയില്‍ വളരെ പടിഞ്ഞാറ്ഭാഗത്തെ മേഖലകളില്‍പോലും കാട്ടുപന്നികള്‍ എത്തിയിട്ടുണ്ട്. പോരുവഴിയില്‍ ആദ്യകാലത്ത് കാട്ടുപന്നിയെ കണ്ടത് കരടി എന്ന് തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ കൃത്യമായ സ്ഥിരീകരണം ഇനിയും ലഭിച്ചിട്ടില്ല.

Advertisement