അധികൃതരുടെ അറിവോടെ പോരുവഴി വെൺകുളം ഏലാ മണ്ണിട്ട് മൂടുന്നു;അടിയന്തിര റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ച് മന്ത്രി പി.പ്രസാദ്

ശാസ്താംകോട്ട : പോരുവഴി വെൺകുളം ഏലായിൽ നിലം നികത്തൽ വ്യാപകമാക്കുന്നു. പോരുവഴി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി നടത്തുന്ന പ്രധാനപ്പെട്ട എലായാണിത്. എലായുടെ തെക്ക് വശത്തായി ചക്കുവള്ളി – മലനട റോഡിൽ വീണാ ഹോട്ടലിന് സമീപത്താണ് ഭൂമാഫിയയുടെ നേതൃത്വത്തിൽ നികത്തൽ നടന്നു വരുന്നത്.ഏകദേശം ഇരുപത് സെന്റിൽ അധികം ഭൂമി നികത്തി കഴിഞ്ഞു.നികത്തിയ ഭാഗങ്ങളിൽ പിന്നീട് കൃഷിയിറക്കി അധികൃതരുടെ കണ്ണിൽപ്പൊടിയിടുകയാണ് പതിവ്.ഈ മേഖലയിൽ ആഴ്ചകളായി നിലം നികത്തൽ നടന്നിട്ടും റവന്യൂ അധികാരികൾ കണ്ടില്ലെന്നു നടിക്കുകയാണെന്ന് പരാതിയുണ്ട്. തഹസീൽദാരെയും വില്ലേജ് ഓഫീസറെയും നാട്ടുകാർ വിവരമറിയിച്ചിട്ടും ഫലമില്ല.പള്ളിക്കലാറ്റിലെ ജലം ഉപയോഗിച്ചാണ് ഏക്കറുകളോളം വരുന്ന ഏലായിൽ കൃഷി നടത്തുന്നത്.
കഴിഞ്ഞ മാർച്ചിൽ പോരുവഴി പെരുവിരുത്തി മലനടയിലെ
ഉത്സവത്തിന് കെട്ടുകാഴ്ചകൾ വയൽ വഴി ക്ഷേത്രത്തിലേക്ക് കൊണ്ടു പോകുന്നതിന് ഈ സ്ഥലത്ത് വാഹനം ഇറക്കുന്നതിനുള്ള സൗകര്യത്തിനായി ചെറിയ തോതിൽ മണ്ണ് ഇടിച്ചു ചരിവ് വരുത്തിയിരുന്നു.ഇതിന്റെ മറവിൽ പിന്നീട് ലോഡ് കണക്കിന് മണ്ണ് ഇവിടെ ഇട്ട് നികത്തി എടുക്കുകയായിരുന്നു. നികത്തിയ സ്ഥലത്ത് താൽക്കാലിക ഷെഡ് നിർമ്മിച്ച ശേഷം പിന്നീട് നമ്പർ സംഘടിപ്പിച്ചെടുക്കുന്നതാണ് രീതി.
നിയമ വിരുദ്ധമായി നിലം നികത്തൽ നടത്തിയവർക്കെതിരെ കേസെടുക്കുന്നതിനും നിലം പൂർവ സ്ഥിതിയിലാക്കുന്നതിനും റവന്യൂ അധികൃതർ ഇടപെടണമെന്ന് നാട്ടുകാരും എലാ വികസന സമിതികളും ആവശ്യപ്പെടുന്നു. വെൺകുളം എലായ്ക്ക് സമീപമുള്ള വീട്ടിനാൽ ഏലായിൽ ഭൂരിഭാഗവും നികത്തി കഴിഞ്ഞിട്ടുണ്ട്.താഴത്ത് ജംഗ്ഷനിൽ നിന്നും കടമ്പനാട് പോകുന്ന റോഡിന്റെ ഇരുവശങ്ങളും വ്യാപകമായി നികത്തി കഴിഞ്ഞു. ഇവിടെ നികത്തിയപ്പോഴും റവന്യൂ അധികൃതർ തിരിഞ്ഞു നോക്കിയിരുന്നില്ല.അതിനിടെ അനധികൃതമായ നിലം നികത്തലിനെ സംബന്ധിച്ച് നേരിട്ട് സ്ഥലം സന്ദർശിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് കൃഷി വകുപ്പു മന്ത്രി പി.പ്രസാദ് അടിയന്തിര നിർദ്ദേശം നൽകിയിട്ടുണ്ട്.

Advertisement