സി എസ് മാനവികതയുടെ സന്ദേശം പകർന്ന പ്രതിഭ: പ്രഭാവർമ്മ

Advertisement

കരുനാഗപള്ളി . വിശാലമായ മാനവികതയുടെ സന്ദേശം സമൂഹത്തിനു പകർന്നു നൽകിയ മഹാപ്രതിഭയായിരുന്നു സി എസ് സുബ്രഹ്മണ്യൻ പോറ്റിയെന്ന് കവിയും കേന്ദ്ര സാഹിത്യ അക്കാദമി മുൻ നിർവ്വാഹക സമിതി അംഗവുമായിരുന്ന പ്രഭാവർമ്മ പറഞ്ഞു.സാമൂഹ്യ പരിഷ്കർത്താവും നവോത്ഥാന നായകനും എഴുത്തുകാരനുമായിരുന്ന സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ സ്മരണ പുതുക്കി മൂന്നു ദിവസം നീണ്ടു നിന്ന സി എസ് സ്മൃതിയുടെ സമാപന സമ്മേളന ഉദ്ഘാടനവും പുസ്തക പ്രകാശനവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. സ്വാതന്ത്ര്യലഭ്യതയോടെ നവോത്ഥാന മുന്നേറ്റ പ്രവർത്തനങ്ങൾക്ക് മാന്ദ്യമുണ്ടായി. ദളിത്, സ്ത്രീ വിഭാഗങ്ങളുടെ മോചനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇതോടെ മന്ദീഭവിക്കുകയായിരുന്നു. നവോത്ഥാന സംരംഭങ്ങളെ സാമ്പത്തിക സമത്വത്തിന്റെ ഉള്ളടക്കം കൊടുത്ത് വളർത്തുന്നതിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് പ്രധാന പങ്കാണുള്ളത്. വിവർത്തന സാഹിത്യത്തിലൂടെ മലയാളത്തിൻ്റെ ഭാഷയെയും ഭാവുകത്വത്തെയും നവീകരിച്ച എഴുത്തുകാരൻ കൂടിയായിരുന്നു സി എസ് സുബ്രഹ്മണ്യംപോറ്റിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ടൗൺ ക്ലബ്ബ് അങ്കണത്തിൽ നടന്ന സമ്മേളനത്തിൽ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ അധ്യക്ഷനായി.
ഡോ വള്ളിക്കാവ് മോഹൻദാസ് രചിച്ച് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന “സി എസ് നവോത്ഥാന വിപ്ലവകാരി” എന്ന പുസ്തകം കവി പ്രഭാവർമ്മ അശോകൻ ചരുവിലിന് നൽകി പ്രകാശനം ചെയ്തു. വി പി ജയപ്രകാശ് മേനോൻ പുസതക പരിചയം നടത്തി. ഡോ സുജിത് വിജയൻപിള്ള എംഎൽഎ വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർമാൻ അഡ്വ എൻ രാജൻപിള്ള വിശിഷ്ട വ്യക്തികളെ ആദരിച്ചു.മുൻ എംഎൽഎ ആർ രാമചന്ദ്രൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, സി എസ് സുബ്രഹ്മണ്യൻ പോറ്റിയുടെ മകൾ രാധാനമ്പൂതിരി,ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ ബി മുരളീകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി ആർ വസന്തൻ, പ്രൊഫ കെ ആർ നീലകണ്ഠപിള്ള, സജീവ്മാമ്പറ, ഡോ വള്ളിക്കാവ് മോഹൻദാസ്, അഡ്വ പി ബി ശിവൻ, സുരേഷ് പാലക്കോട്ട് എന്നിവർ പങ്കെടുത്തു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ സ്വാഗതവും സുരേഷ് വെട്ടുകാട്ട് നന്ദിയും പറഞ്ഞു. തുടർന്ന് വി ടി ഭട്ടതിരിപ്പാടിന്റെ “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ” നാടകവും അരങ്ങേറി.
ചിത്രം: കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ച സി എസ് സ്മൃതിയുടെ സമാപനവും പുസ്തക പ്രകാശനവും കവി പ്രഭാവർമ്മ ഉദ്ഘാടനം ചെയ്യുന്നു.

Advertisement