യുവതിയുടെ സ്കൂട്ടര്‍ മോഷ്ടിച്ച് സേലത്ത്,പിന്നാലെ പൊലീസ്

കൊല്ലം.യുവതിയുടെ സ്കൂട്ടര്‍ മോഷ്ടിച്ചെടുത്ത് കടന്നു കളഞ്ഞ യുവാവിനെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടി. തമിഴ്നാട്, സേലം ജില്ലയില്‍, കരുങ്കല്‍പെട്ടി സ്വദേശി ഗോകുല്‍രാജ് (23) ആണ് പള്ളിത്തോട്ടം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച കൊച്ചുപിലാമൂട് ജംഗ്ഷനില്‍ ഉള്ള കടക്ക് മുന്‍വശം പാര്‍ക്ക് ചെയ്യ്തിരുന്ന ഇരുചക്ര വാഹനം ഇയാള്‍ മോഷ്ടിച്ചെടുത്ത് കടന്ന് കളയുകയായിരുന്നു. മുണ്ടക്കല്‍ സ്വദേശിയായ യുവതിയുടെ ഉടമസ്ഥതയിലുളളതായിരുന്നു വാഹനം. വാഹനം മോഷണം പോയതായി മനസ്സിലായതിനെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയെ തുടര്‍ന്ന് പള്ളിത്തോട്ടം പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ എര്‍ണാകുളം, തൃശൂര്‍ വഴി തമിഴ്നാട് ഭാഗത്തേക്ക് ആണ് പോകുന്നതെന്ന് മനസ്സിലാക്കി. തുടര്‍ന്ന് ഈ പ്രദേശങ്ങളില്‍ വയര്‍ലെസ് സന്ദേശം കൈമാറുകയും അതിന്‍റെ ഫലമായി സേലം പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യ്തു. ഇയാളുടെ സഞ്ചാര പാത മനസ്സിലാക്കി പിന്‍തുടര്‍ന്ന് എത്തിയ പള്ളിത്തോട്ടം പോലീസ് സേലത്ത് എത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പള്ളിത്തോട്ടം ഇന്‍സ്പെക്ടര്‍ ഫയാസിന്‍റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ മാരായ സ്റ്റെപ്റ്റോ ജോണ്‍, ഹിലാരിയോസ്, എഎസ്ഐ രാജീവ്, എസ്.സി.പി.ഒ തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

Advertisement