മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തിൽ അവർ ചെളികൊണ്ട് ഒരുക്കിയെടുത്തത് ലക്ഷണമൊത്ത മുതലയെ!

Advertisement

കൊട്ടാരക്കര : മണ്ണപ്പം ചുട്ടുകളിക്കേണ്ട പ്രായത്തിൽ അവർ ചെളികൊണ്ട് ഒരുക്കിയെടുത്തത് ലക്ഷണമൊത്ത മുതലയെ! അവധിക്കാലത്തിന്റെ ആഘോഷത്തിനിടയിലാണ് കുട്ടിക്കൂട്ടം മുതലയെ നിർമ്മിച്ചത്. കുളക്കട ഗ്രാമപഞ്ചായത്തിലെ പൂവറ്റൂർ പടിഞ്ഞാറ് അംബേദ്കർ ഗ്രാമത്തിലാണ് കുട്ടിക്കൂട്ടം കളിക്കാലം ശില്പനിർമ്മാണത്തിനുകൂടി മാറ്റിവച്ചത്. മണ്ണ് കുഴച്ച് ക്രമത്തിൽ ചേർത്തുവച്ച്, വീതിയും നീളവും അളന്ന് തിട്ടപ്പെടുത്തി മുതലയുടെ ദേഹമൊരുക്കുകയായിരുന്നു ആദ്യം. പിന്നെ കൈകാലുകൾ നിർമ്മിച്ചു. തലഭാഗം ഒരുക്കുന്നത് ശ്രമകരമായിരുന്നു. പരിശ്രമം ഫലംകണ്ടു, കാഴ്ചക്കാരെപ്പോലും വിസ്മയിപ്പിക്കുന്ന കൂറ്റൻ മുതല പറമ്പിൽ തയ്യാറായി. നിറംകൊടുത്തതോടെ ഒർജിനലിനെ വെല്ലുന്ന രൂപഭംഗിയുമായി. ചെളികൊണ്ടാണ് മുതലയുടെ കണ്ണുകളും മുള്ളുപോലുള്ള ശരീരഭാഗങ്ങളുമൊക്കെ തയ്യാറാക്കിയത്. വായയിൽ ചെറിയ കമ്പുകൾ ഉപയോഗിക്കേണ്ടിവന്നു. ചെറിയ തടികൊണ്ടാണ് പല്ലുകൾ നിർമ്മിച്ചത്. തുറന്നുവച്ച വായ്ക്കുള്ളിൽ ഒരു പോത്തിന്റെ തലകൂടി തയ്യാറാക്കിവയ്ക്കുവാനാണ് പദ്ധതി. കോളനിയിലെ താമസക്കാരായ വിദ്യാർത്ഥികൾ സൂരജ്, സുജിത്ത്, ശ്രീശിവൻ, മനു, അഭിഷേക്, അഭിജിത്ത്, അപ്പുണ്ണി, മഹി എന്നിവരാണ് മുതലയെ നിർമ്മിച്ച കുട്ടിശില്പികൾ. കൈ സഹായത്തിന് മറ്റ് കൂട്ടുകാരും ഉണ്ടായിരുന്നു. തനി കാഴ്ചക്കാരായവരാണ് കൂടുതലും.

Advertisement