അവാർഡ് തിളക്കത്തിൽ കരുനാഗപ്പള്ളി നഗരസഭ

കരുനാഗപ്പള്ളി . വേറിട്ട പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച കരുനാഗപ്പള്ളി നഗരസഭയെ അർഹതയ്ക്കുള്ള അംഗീകാരവും തേടിയെത്തി. 2021- 22 വർഷത്തെ ആർദ്ര കേരളം പുരസ്കാരത്തിന് സംസ്ഥാനത്ത് രണ്ടാം സ്ഥാനം നേടിയാണ് കരുനാഗപ്പള്ളി നഗരസഭ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.5 ലക്ഷം രൂപ സമ്മാനതുകയായി ലഭിക്കും.കഴിഞ്ഞ തവണ സംസ്ഥാനത്ത് മൂന്നാം സ്ഥാനവും കരുനാഗപ്പള്ളി നഗരസഭയ്ക്ക് ലഭിച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പടെ ആരോഗ്യ രംഗത്ത് കാണിച്ച സവിശേഷമായ മുന്നേറ്റം കണക്കിലെടുത്താണ് ആർദ്ര കേരളം പുരസ്കാരം കരുനാഗപ്പള്ളിക്ക് ലഭിച്ചത്. കോവിഡ് രൂക്ഷമായ കാലത്ത് രോഗബാധിതർക്ക് സംഗീതവും വിനോദ ഉപാധികളും പകർന്നു നൽകി സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ രീതിയിൽ ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ആരംഭിച്ച സി എഫ് എൽ ടി സി യും, സി എൽ ടി സിയുടെ പ്രവർത്തനവും അതിഥി തൊഴിലാളികൾക്കായി ജില്ലയിൽ ആദ്യമായി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ തുടങ്ങിയ സിഎഫ്എൽടിസിയുടെ പ്രവർത്തനവും അക്കാലത്ത് ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഗർഭിണികൾക്കും കുട്ടികൾക്കുമായി പ്രത്യേകമായി സജ്ജീകരിച്ച കോവിഡ് ആശുപത്രി, രോഗബാധിതരെ വിവിധ ചികിത്സാ കേന്ദ്രങ്ങളിലേക്ക് ഉൾപ്പടെ എത്തിക്കാൻ നാലിലധികം വാഹനങ്ങളുടെ സൗജന്യ സേവനവും 24 മണിക്കൂറും പ്രവർത്തിച്ച കാൾ സെൻ്റർ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും പ്രത്യേക പരിഗണന അർഹിക്കുന്നതായി മാറി.

നഗരസഭയിൽ തയ്യാറാക്കിയ രണ്ട് കേന്ദ്രങ്ങളിലൂടെ നൽകിയ വാക്സിനേഷനും പ്രതിരോധ പ്രവർത്തനങ്ങളിലെ വ്യത്യസ്തമായ മാതൃകകളും പ്രത്യേകം പരിഗണിക്കപ്പെട്ടു. പാലിയേറ്റീവ് പ്രവർത്തകൻ കൂടിയായ നഗരസഭ ചെയർമാൻ കോട്ടയിൽ രാജുവിന്റെ നേതൃത്വത്തിലുള്ള വാളൻ്റിയർമാർ 200ലധികം കോവിഡ് ബാധിതരുടെ മൃതദേഹങ്ങളാണ് നഗരസഭാ ക്രിമിറ്റോറിയത്തിൽ ഉൾപ്പെടെ സംസ്കരിച്ചത്. വാർഡ് തലത്തിലുള്ള സമിതികളെ കോർത്തിണക്കിയുള്ള പ്രതിരോധ പ്രവർത്തനങ്ങളും പ്രത്യേകം പരിഗണിക്കപ്പെട്ടു.

കായകല്പംഅവാർഡ് നാലാംതവണയും
ദേശീയ ഗുണനിലവാര പരിശോധനയുടെ ഭാഗമായി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിക്ക് തുടർച്ചയായി നാലാം തവണയും കായകല്പം അവാർഡ് ലഭിച്ചതും നഗരസഭയുടെ നേട്ടങ്ങളിൽ ഒന്നായി മാറി. ഏറ്റവും കൂടുതൽ ഓ പി രോഗികൾ ഉൾപ്പെടെയെത്തുന്ന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി തുടർച്ചയായി ഗുണനിലവാര പരിശോധനയിൽ അവാർഡ് കരസ്ഥമാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസമാണ് കായകല്പം അവാർഡ് നഗരസഭ അധികൃതർ ഏറ്റുവാങ്ങിയത്. ഇതിനു തൊട്ടുപിന്നാലെ ആണ് ആർദ്ര കേരളം പുരസ്കാരവും നഗരസഭയെ തേടിയെത്തിയത്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് അനുവദിച്ച 69 കോടി രൂപയുടെ വികസന പദ്ധതികൾ താലൂക്ക് ആശുപത്രിയിൽ നടന്നുവരികയാണ്. ആദ്യഘട്ടം പൂർത്തീകരിച്ച് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ ഏപ്രിൽ രണ്ടിന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്.

ഇതോടു കൂടി ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത വികസന നേട്ടത്തിനാകും താലൂക്ക് ആശുപത്രി സാക്ഷ്യം വഹിക്കുകയെന്ന് നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ പി മീന എന്നിവർ പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും യോജിച്ചു നടത്തിയ പ്രവർത്തനത്തിലൂടെയാണ് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതെന്നും അധികൃതർ പറഞ്ഞു.

Advertisement