അഴകുവഴിയും പുരുഷാംഗനമാര്‍,കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി

ചവറ(കൊല്ലം). ആഗ്രഹ സാഫല്യത്തിന് ദേവിക്കുമുന്നില്‍ അംഗനാരൂപമെടുത്ത് പുരുഷന്മാര്‍ പ്രാര്‍ഥന അര്‍പ്പിക്കുന്ന ദിനങ്ങള്‍ എത്തി. പുരുഷന്മാർ അംഗനമാരാകുന്ന പ്രസിദ്ധമായ കൊറ്റൻകുളങ്ങര ചമയവിളക്കിന് തുടക്കമായി. ആയിരക്കണക്കിന് പേരാണ് ആദ്യദിവസം ക്ഷേത്രത്തിലെത്തി വിളക്കെടുത്തത്. ചമയവിളക്ക് ഉത്സവം ഇന്ന് സമാപിക്കും.

നൂറു കണക്കിന് പേരാണ് വ്രതം നോറ്റ് ചമയ വിളക്കെടുക്കാനുള്ള വരവ്. ഇതര സംസ്ഥാനങ്ങളിൽ നിന്നടക്കം കൊറ്റൻങ്കുളങ്കരയിലേക്ക് എത്തുന്നത് നിരവധി പേർ. സ്ത്രീ വേഷം കെട്ടി ചമയവിളക്കെടുത്താൽ ആഗ്രഹ സാഫല്യമുണ്ടാകുമെന്നാണ് വിശ്വാസം.

അഞ്ചു തിരിയിട്ട വിളക്കിന് മുന്നിൽ വാലിട്ട് കണ്ണഴുതി, പൊട്ടുതൊട്ടു സുന്ദരിമാരായതിൽ കൊച്ചുകുട്ടികൾ മുതൽ പ്രായമായവര്‍ വരെയുണ്ട്.
കെട്ടുകാഴ്ച്ചയും എടുപ്പു കുതിരകളും വണ്ടിക്കുതിരകളും ഗജവീരന്മാരും ഉത്സവത്തിന് കൊഴുപ്പേകി.

ഇന്ന് രാത്രിയും പുരുഷാംഗനമാരെക്കൊണ്ട് ക്ഷേത്രം നിറയും. നാളെ പുലര്‍ച്ചെ മൂന്നിന് നടക്കുന്ന ആറാട്ടോടെയാണ് ഉത്സവത്തിന് കൊടിയിറങ്ങുക.

Advertisement