വിശ്വാസത്തിന്‍റെ അഗ്നിയില്‍ പാകം ചെയ്ത ഭക്തിയുടെ നേദ്യം, പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയര്‍പ്പിച്ച് ആയിരങ്ങള്‍

പരവൂര്‍: ഭക്തിപാരവശ്യത്തില്‍ തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ നിറസാന്നിധ്യം കൊണ്ട് പരവൂരും പരിസരപ്രദേശങ്ങളും ഭക്തിയിലാറാടി. പുറ്റിങ്ങലമ്മയ്ക്ക് നിവേദ്യമൊരുക്കുവാന്‍ ഇടംതേടിയെത്തിയ ഭക്തര്‍ പരവൂരിനെ അക്ഷരാര്‍ത്ഥത്തില്‍ യജ്ഞശാലയാക്കി മാറ്റി.
വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ആയിരങ്ങളാണ് ഇന്ന് പരവൂരില്‍ പുറ്റിങ്ങലമ്മയ്ക്ക് പൊങ്കാലയിട്ടത്. കഴിഞ്ഞ ദിവസം രാത്രി തന്നെ പുറ്റിങ്ങലിലും പരിസരത്തും പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു.

രാവിലെ ഏഴിന് പണ്ടാര അടുപ്പിലേക്ക് ക്ഷേത്രം മേല്‍ശാന്തി ബിനുശാന്തി അഗ്നി പകര്‍ന്നതോടെ മറ്റ് പൊങ്കാല അടുപ്പുകളില്‍ ഭക്തര്‍ അഗ്‌നി ജ്വലിപ്പിച്ചു. പൊങ്കാല സമര്‍പ്പണത്തിന് വേദപണ്ഡിതന്മാര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് രാത്രി  8.15ന് ക്ഷേത്രംതന്ത്രി പൂതക്കുളം നീലമന ഇല്ലത്തില്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ തൃക്കൊടിയേറ്റ് കര്‍മ്മം നടത്തി. രണ്ടാം ഉത്സവമായ ഇന്ന് വൈകുന്നേരം 5ന് നൃത്തനൃത്യങ്ങള്‍, 7ന് സംഗീതസദസ്, 10ന് നൃത്തസംഗീതശില്പം എന്നിവ നടക്കും.

Advertisement