അതീവ ഗുരുതരാവസ്ഥ, ദശാബ്ദങ്ങള്‍ക്കു ശേഷം ശാസ്താംകോട്ടയില്‍ കനാല്‍ ജലമില്ലാത്ത വേനല്‍

തൊഴിലുറപ്പ്കാരെ ഉപയോഗിച്ച വൃത്തിയായും കാര്യക്ഷമമായും നടത്തിയിരുന്ന കനാല്‍ശുചീകരണം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടി

ശാസ്താംകോട്ട.അതീവ ഗുരുതരാവസ്ഥ, ദശാബ്ദങ്ങള്‍ക്കു ശേഷം ശാസ്താംകോട്ടയില്‍ കനാല്‍ ജലമില്ലാത്ത വേനല്‍. കെഐപി അധികൃതരുടെ അനാസ്ഥമൂലമാണ് ഈ അവസ്ഥയെങ്കിലും പരിഹാരത്തിന് ശ്രമം നടത്താത്തതിനുപിന്നിലെ കാരണം ദുരൂഹം. മുന്‍കാലങ്ങളില്‍ ജനുവരിമാസത്തില്‍തന്നെ തൊഴിലുറപ്പ് തൊഴിലാളികള്‍ കനാല്‍ കൃത്യമായും വൃത്തിയായും ശുചീകരണം നടത്തി കാടുകള്‍ നീക്കുമായിരുന്നു. ജനുവരി അവസാനം മുതല്‍ കനാലില്‍ ജലമെത്തും. ഇത്തവണ കനാലിലെ മാലിന്യവും കാടും നീക്കുന്ന ജോലിക്ക് തൊഴിലുറപ്പു കാരെ അനുവദിച്ചില്ല. പകരം ചെറിയ കരാറുകള്‍ കെഐപിയുടെ നേതൃത്വത്തില്‍ നല്‍കുകയായിരുന്നു. അത് എങ്ങും കാര്യക്ഷമമായി നടന്നിട്ടില്ല.

സിനിമാപറമ്പ് മണക്കാട്ട് മുക്കില്‍നിന്നും ചവറ ഡിസ്ട്രിബ്യൂട്ടറിയിലേക്ക് രണ്ടാഴ്ചമുമ്പ് വെള്ളം തുറന്നുവിട്ടതോടെ മാലിന്യങ്ങള്‍ നിറച്ച് സൈഫണ്‍ അടയുകയും മനക്കര വിജയാകാസിലിനു തെക്കുഭാഗം കനാല്‍ കവിഞ്ഞൊഴുകി വീടുകള്‍ക്ക് ഭീഷണിയായതോടെ കനാല്‍ അടച്ചിട്ടു. ഇതോടെ ശാസ്താംകോട്ട, ആഞ്ഞിലിമൂട്, ശൂരനാട്മൈനാഗപ്പള്ളി, ചവറ മേഖലകളിലേക്ക് ജലമെത്തിക്കാന്‍ ഇനിയുമായിട്ടില്ല. തടാകത്തിന്റെ തീരമേഖലയില്‍ വേനല്‍ കഠിനമാണ്. കൃഷി കരിഞ്ഞുണങ്ങുകയാണ്. കനാല്‍ തുറന്നാല്‍ കിണറുകളില്‍ ജലമെത്തുമെന്നതാണ് പ്രധാനമെച്ചം. ഇത്തവണ കിണറുകള്‍ വറ്റിവരണ്ടു.

മാലിന്യം കയറി അടഞ്ഞ സൈഫണ്‍ ശുചീകരണം നടത്തിയെങ്കിലും മറ്റുള്ളിടത്തെ കനാല്‍ തടസംമൂലമാണെന്ന് പറയുന്നു കനാല്‍ ഇനിയും തുറന്നുവിട്ടിട്ടില്ല. കൃത്യമായ കാരണം സമരം നടത്തുന്ന സംഘടനകളോടുപോലും പറയാന്‍ അധികൃതര്‍ക്ക് അറിയില്ല.

തൊഴിലുറപ്പ്കാരെ ഉപയോഗിച്ച വൃത്തിയായും കാര്യക്ഷമമായും നടത്തിയിരുന്ന കനാല്‍ശുചീകരണം അട്ടിമറിച്ചത് ആര്‍ക്കുവേണ്ടിയെന്ന് എങ്കിലും അധികൃതര്‍ മറുപടി പറയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Advertisement