മലനട പള്ളിപ്പാന: രാപകൽ വ്യത്യാസമില്ലാതെ ക്ഷേത്രവും അന്നദാന മണ്ഡപവും ഭക്തജനങ്ങളാൽ സജീവം

മലനട(കൊല്ലം): ദുര്യോധന ക്ഷേത്രമായ പോരുവഴി പെരുവിരുത്തി മലനടയിൽ അന്നദാന മണ്ഡപം ഭക്തജനങ്ങളാൽ സജീവം.12 വർഷം കൂടുമ്പോൾ മാത്രം നടക്കുന്ന പള്ളിപ്പാനയ്ക്കായാണ് രാപകൽ വ്യത്യാസമില്ലാതെയാണ് ഭക്തജനങ്ങൾ മലനടയിലേക്ക് എത്തിച്ചേരുന്നത്.ക്ഷേത്രത്തിൽ എത്തുന്നവരെല്ലാം അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങുന്നത്.രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമെല്ലാം വ്യത്യസ്ഥങ്ങളായ വിഭവങ്ങളാൽ കലവറ സജീവമാണ്.ഏത് സമയത്ത് എത്തിയാലും ആരും വിശന്ന് മടങ്ങേണ്ട.പ്രസാദമായി കരുതിയാണ് ജനങ്ങള്‍ സമൂഹ സദ്യയില്‍ പങ്കെടുക്കുന്നത്.

രാവിലെ മുതൽ ഉച്ച വരെ ഉപ്പുമാവും ഇഢലിയും അടക്കമുള്ള വിഭവങ്ങളാണ് വിളമ്പുന്നത്.ഉച്ച മുതൽ അവിയലും തോരനും ഇഞ്ചിയും അച്ചാറും ഉൾപ്പെടെയുള്ള കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ ഊണ്.ഇത് സന്ധ്യ വരെ തുടരും.പിന്നീട് രുചികരമായ കഞ്ഞിയും പയറിട്ട കൂട്ടുകറിയും ഭക്തരുടെ മുൻപിലേക്ക് എത്തും.വരും ദിവസങ്ങളിൽ വിഭവങ്ങൾക്ക് മാറ്റമുണ്ടായേക്കാം.
ആയിരങ്ങളെയാണ് ദിവസവും അന്നമൂട്ടുന്നത്.രാത്രിയിലാണ് ഭക്തർ കൂടുതലായും എത്തുന്നത്.ഏഴ് കരകളിൽ നിന്നുമാണ് 12 ദിവസവും രാപകൽ വ്യത്യാസമില്ലാതെ നടക്കുന്ന
അന്നദാനത്തിന് ആവശ്യമായ വിഭവ സമാഹരണം നടത്തിയത്.കരക്കാർ തന്നെയാണ് ഭക്ഷണം വിളമ്പുന്നത്.ഇതിനായി സ്ത്രീകൾ ഉൾപ്പെടെയുളളവർ സദാ സജ്ജരാണ്.ആർക്കും യാതൊരു പരാതിക്കും ഇടയാക്കാത്ത രീതിയിൽ അടുക്കും ചിട്ടയോടും കൂടിയാണ് അന്നദാനം നടക്കുന്നത്.12 ദിവസം നീണ്ടു നിൽക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിൽ യാതൊരു തടസവും കൂടാതെ ഏത് സമയത്തും ഭക്ഷണം നൽകുകയെന്നതാണ് ഭരണ സമിതിയുടെ തീരുമാനം.

Advertisement