പള്ളിപ്പാനയ്ക്കുപിന്നിലെ ഐതിഹ്യമറിയാം

പി എസ് ഗോപകുമാർ

ഒരിക്കൽ ദേവ വൃക്ഷങ്ങളിലെ അപൂർവങ്ങളായ പുഷ്പങ്ങൾ കൊണ്ടുള്ള ഒരു വിശേഷമാല്യം അപ്സര സ്ത്രീകൾ ഋഷി ദുർവാസാവിന് സമ്മാനിച്ചു.
മാലയോട് വലിയ കൗതുകം തോന്നാതിരുന്ന ദുർവാസാവാകട്ടെ അത് ദേവേന്ദ്രൻ്റെ മൗലിയിൽ ചൂടുന്നതാവും ഉചിതമെന്ന് കരുതി ഇന്ദ്രന് സമ്മാനിച്ചു.
മുടി കോതിയൊതുക്കി ചൂടാമെന്ന് കരുതി ഇന്ദ്രനത് തൽക്കാലത്തേക്ക് ഐരാവതത്തിൻ്റെ മസ്തകത്തിൽ സൂക്ഷിക്കുന്നു.
മാലയിൽ കോർത്ത പുഷ്പങ്ങളുടെ ഗന്ധത്താല്‍ ആകൃഷ്ടരായ ഷഡ്പദങ്ങളുടെ ശല്യത്താൽ അലോസരമുണ്ടായ ഐരാവതമാകട്ടെ കോപിഷ്ഠനായി മാല നിലത്തിട്ട് ചവുട്ടുകയുണ്ടായി.
ഇത് കണ്ട ദുർവാസാവാകട്ടെ, താൻ സമ്മാനിച്ച മാലയോട് ഇന്ദ്രൻ അനാദരവ് കാട്ടിയെന്നാരോപിച്ച് ദേവേന്ദ്രനെ ശപിച്ചു.
ശാപമേറ്റ ദേവേന്ദ്രന് ശക്തി ക്ഷയമുണ്ടായി. ഐരാവതം അടക്കം സകല ഐശ്വര്യങ്ങളും നഷ്ടമായി. പരിഹാരം തേടി ബ്രഹ്മദേവനെ കണ്ട ദേവന്മാരോട് പാലാഴിമഥനം നടത്തി അമൃത് പാനം ചെയ്യാൻ നിർദേശിക്കുകയുണ്ടായി.


അങ്ങനെ,
മന്ഥര പർവതത്തെ കടകോലാക്കിയും വാസുകിയെ കയറാക്കിയും പാലാഴി കടയാൻ തീരുമാനിച്ചു.
തലഭാഗത്ത് മഹാബലിയുടെ നേതൃത്വത്തിൽ അസുരന്മാരും വാൽ ഭാഗത്ത് ദേവന്മാരും നിലയുറപ്പിച്ചു.
യഥാർത്ഥത്തിൽ വാസുകിയുടെ തലഭാഗത്ത് പിടിക്കാനുള്ള ശക്തി ദേവന്മാർക്കില്ലായിരുന്നു.
കാളകൂടമെന്ന ഉഗ്രവിഷമാണ് ആദ്യം ലഭിച്ചത്.
പ്രപഞ്ച നാശമുണ്ടാകാതെ ശ്രീപരമേശ്വരൻ പാനം ചെയ്തു.
ചന്ദ്രൻ, ഉഛൈശ്രവസ്, ഐരാവതം, അമൂല്യ രത്നങ്ങൾ, കൗസ്തുഭം, താമരപ്പൂവിലിരിക്കുന്ന ലക്ഷ്മീദേവി എന്നിവ ഉയർന്നു വന്നു.
കൗസ്തുഭം എന്ന ചുവന്ന രത്നം മഹാവിഷ്ണു മാറിലണിഞ്ഞു.
കൽഹാരമാല്യവുമായി വന്ന ലക്ഷ്മീദേവിയെ എല്ലാവരും ആഗ്രഹിച്ചെങ്കിലും ലക്ഷമീദേവി വിഷ്ണുവിനെ സ്വീകരിച്ചു.
അവസാനമായി ലഭിച്ച അമൃത് മുൻ നിശ്ചയപ്രകാരം അസുരന്മാർ കൈക്കലാക്കി.
മോഹിനീരൂപം പൂണ്ട മഹാവിഷ്ണു തക്കത്തിൽ അമൃത് അമ്പുരന്മാരിൽ നിന്ന് കൈക്കലാക്കി.
അസുരന്മാരെ പറ്റിച്ച് അമൃത് കൈക്കലാക്കിയ മഹാവിഷ്ണുവിൻ്റെ പ്രവൃത്തിയിൽ കോപിഷ്ഠനായ അസുര ഗുരു ശുക്രാചാര്യർ മഹാവിഷ്ണുവിനെ ശപിച്ചു.
ആനത്തലയിൽ ആഭിചാരം ചെയ്ത് മഹാവിഷ്ണുവിനെ ആലസ്യത്തിലാക്കിയതിനാൽ പ്രപഞ്ചത്തിൻ്റെ സ്ഥിതി തന്നെ കഷ്ടത്തിലായി.
നീചരാശിയിലായതിനാൽ വിഷ്ണുവിൻ്റെ നില അതീവ ദുഷ്കരാവസ്ഥയിലായി.
പരിഹാരം തേടി വിഘ്നേശ്വരനെ സമീപിച്ച ദേവന്മാരോട് സുബ്രഹ്മണ്യനെ കണ്ട് ഉപദേശം തേടാൻ നിർദേശിച്ചു.
വേലന്മാരെ കൊണ്ട് ഓതി വിഷ്ണുവിനേറ്റ ശാപം അകറ്റാമെന്ന് സുബ്രഹ്മണ്യൻ ഉപദേശിച്ചു.
വേലന്മാരെ തേടിയലഞ്ഞ ദേവന്മാർക്ക് നിരാശയായിരുന്നു ഫലം.
ഒടുവിൽ നാരദമഹർഷിയുടെ ഉപദേശ പ്രകാരം ശ്രീ പരമേശ്വരനെ അഭയം പ്രാപിക്കുന്നു.
ശ്രീ പരമേശ്വരൻ പള്ളിപ്പാന എന്ന മഹാകർമ്മത്തിന് നിർദേശിച്ചതായാണ് ഐതിഹ്യം.
ശ്രീ പരമേശ്വരൻ വേലനായും ശ്രീപാർവതി വേലത്തിയായും ഭൂതഗണങ്ങൾ പുറമാടികളായും ആണ് ചടങ്ങ് നടന്നത്.
പൂജാകർമ്മങ്ങൾക്ക് ശേഷം മഹാവിഷ്ണുവിന് ചൈതന്യം തിരികെ ലഭിച്ചതായാണ് ഐതിഹ്യം.
ഭൂമിയിൽ മാനവന്മാർക്ക് വന്നു ഭവിക്കുന്ന ദോഷങ്ങൾക്ക് ഈ കർമ്മം അനുവദിക്കാമോ എന്ന ശ്രീ പാർവതിയുടെ അപേക്ഷ പരിഗണിച്ച ശ്രീ പരമേശ്വരൻ ഇടത് നെഞ്ചിൽ നിന്നും ശ്രീ പാർവതി വലതു നെഞ്ചിൽ നിന്നും രോമങ്ങൾ പറിച്ചെറിഞ്ഞ് ഭൂമിയിൽ വേലന്മാരെ സൃഷ്ടിച്ചതായാണ് ഐതിഹ്യം. സുബ്രഹ്മണ്യൻ ഇവർക്ക് വേലും നൽകി.

പോരുവഴി പെരുവിരുത്തി മലനടയിലെ പാനപ്പന്തല്‍

രാത്രിയും പകലും പറ കൊട്ടി പാട്ട് പാടി നടത്തുന്ന പൂജകളാണ് പള്ളിപ്പാന.
12 ദിവസങ്ങളിലായി നടക്കുന്ന 18 പൂജകളാണ് പള്ളിപ്പാനയിൽ പ്രധാനം.
ഒന്നാം ദിവസത്തെ അടവീശ്വര പ്രതിഷ്ഠ, കാപ്പ്കെട്ട്, ഇടുപണബലി’ രണ്ടാം ദിവസത്തെ പീoബലി, മൂന്നാം ദിവസത്തെ നിണബലി, നാലാം ദിവസത്തെ കിടങ്ങുബലി, അഞ്ചാം ദിവസത്തെ പഞ്ചഭൂതബലി, ആറാം ദിവസത്തെ തട്ടു ബലി, ഏഴാം ദിവസത്തെ കുഴിബലിക്കുട, എട്ടാം ദിവസത്തെ ദിക്കുബലി, ഒമ്പതാം ദിവസത്തെ പട്ടടബലി, പത്താം ദിവസത്തെ സർപ്പബലി, പതിനൊന്നാം ദിവസത്തെ ആഴി ബലി, പന്ത്രണ്ടാം ദിവസത്തെ കുമ്പ് ബലി / കൈലാസപൂജ, എല്ലാ ദിവസവും നടക്കുന്ന പറയോത്ത്, മൊറോത്ത്, പാനയടി എന്നിവയാണ് പ്രധാനം.
പറയോത്ത് ദേവൻ ചെയ്യുന്നതായും മൊറോത്ത് ദേവി ചെയ്യുന്നതുമായാണ് സങ്കല്പം.
പളളിപ്പാനയിലെ ദേവീ സാന്നിധ്യമാണ് വേതാളപൂജ.
ദേവിയുടെ വാഹനമാണല്ലോ വേതാളം.
പതിമൂന്നാം ദിവസം ഉദയം കണ്ട് ദീപാരാധന നടത്തി ദേശ കുരുതി നടത്തി ചടങ്ങുകൾ അവസാനിപ്പിക്കുന്നു.

പാനപന്തലിൽ മൂന്ന് പീഠങ്ങളിൽ നടുക്ക് അർദ്ധനാരീശ്വരനേയും വലത് വശത്ത് വീരഭദ്രനേയും ഇടത് വശത്ത് ഭദ്രകാളിയേയും പ്രതിഷ്ഠിക്കുന്നു.
മഹാദേവനായി പൂജിക്കുന്നു.
പഞ്ച കുണ്ഡങ്ങളിൽ 4 ചെറിയ ഹോമകുണ്ഡങ്ങളിൽ ദേവൻ്റെ ദോഷം ഉഴിഞ്ഞ് കടുക്, കാന്താരി, പരലുപ്പ്, തവിട്, ഇലഞ്ഞി തൂപ്പ് എന്നിവയാൽ ദഹിപ്പിക്കുന്നു.
സമത്തുക്കൾ ഉപയോഗിച്ച് വലിയ ഹോമകുണ്ഡത്തിൽ ദഹിപ്പിക്കുന്നു.
ഇടത് വശത്തുള്ള വലിയ ഹോമകുണ്ഡത്തിൽ ശിവൻ്റെ ഉഗ്രരൂപമായ അടവീശ്വര ഹോമം നടത്തി ദേവൻ്റെ ശക്തി വർദ്ധിപ്പിക്കുന്നതായാണ് പാനയുടെ ഐതിഹ്യം.


Advertisement