സുഹൃത്തിന്‍റെ പിതാവിനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് യുവാവിനെ കഴുത്തിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ചയാള്‍ പിടിയിലായി

Advertisement

കൊല്ലം.സുഹൃത്തിന്‍റെ പിതാവിനെ ഉപദ്രവിക്കുന്നത് തടയാന്‍ ശ്രമിച്ചതിന് യുവാവിനെ കഴുത്തിന് കുത്തി ഗുരുതരമായി പരിക്കേല്‍പ്പിച്ച പ്രതി പോലീസ് പിടിയിലായി. ശക്തികുളങ്ങര, കന്നിമേല്‍ചേരി, തട്ടാന്‍തറ, ആമച്ചിറ വീട്ടില്‍ തന്‍സീല്‍(24) ആണ് പോലീസ് പിടിയിലായത്. കന്നിമേല്‍ചേരി കോലാശ്ശേരില്‍ ബിജുവിനെയാണ് പ്രതി ആക്രമിച്ച് മാരകമായി പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസം ബിജുവിന്‍റെ സുഹൃത്തിന്‍റെ പിതാവിനെ പ്രതി മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ കൈയ്യില്‍ കരുതിയിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് ബിജുവിന്‍റെ കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ ആഴത്തില്‍ പരിക്കേറ്റ ബിജുവിനെ ആശുപത്രില്‍ പ്രവേശിപ്പിച്ചു.

തുടര്‍ന്ന് ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ശക്തികുളങ്ങര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് പ്രതിയെ ഉടന്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞ മാസം ശക്തികുളങ്ങരയില്‍ നിര്‍മ്മാണത്തില്‍ ഇരുന്ന വീട്ടില്‍ നിന്നും നിര്‍മ്മാണ സാമഗ്രികള്‍ മോഷണം നടത്തിയ കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് വീണ്ടും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതുകൂടാതെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് തന്‍സീല്‍.
ശക്തികുളങ്ങര പോലീസ് ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗ്ഗീസിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ ആശ ഐ.വി, ദിലീപ്, ഷാജഹാന്‍, സിപിഓ ക്രിസ്റ്റഫര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Advertisement