അശ്രദ്ധമായി മറികടന്ന കെഎസ്ആര്‍ടിസി ബസിന് അടിയില്‍ പെട്ട് ചടയമംഗലത്ത് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു,സിസിടിവി ദൃശ്യം പുറത്ത്

Advertisement

ചടയമംഗലം. വാഹന അപകടത്തിൽ രണ്ട് വിദ്യാർത്ഥികൾ മരിച്ചു. പുനലൂർ സ്വദേശികളായ അഭിജിത്ത്(19),ശിഖ(20)എന്നിവര്‍ ആണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കും കെ.എസ്.ആർ.ടി.സി ബസും തട്ടിയാണ് അപകടം.

ഇന്നു രാവിലെ 7.45 ന് ചടയമംഗലം നെട്ടേത്തറ എം.സി റോഡിലാണ് അപകടം.ഒരേ ദിശയിലായിരുന്നു ബസും ബൈക്കും .അമിത വേഗതയില്‍ ബൈക്കിനെ മറികടന്ന ബസില്‍ തട്ടി ബൈക്ക് വീഴുകയും വിദ്യാര്‍ഥികള്‍ അടിയില്‍പെടുകയുമായിരുന്നു.

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് വ്യക്തമാണ്. ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളെ ബസ് മറികടക്കുന്നതിനിടയിലാണ് അപകടം.

കിളിമാനൂർ വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ രണ്ടാം വർഷം എൻനീയറിങ് വിദ്യാർഥിനിയാണ് മരിച്ച ശിഖ . പത്തനംതിട്ട മുസല്യാർ
എൻജിനീയറിങ് കോളജിലെ ബിസിഎ വിദ്യാർഥിയാണ് അഭിജിത്ത്.
ശിഖയെ കിളിമാനൂരിലേക്ക് എത്തിക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം . ബസിന്റെ ഇടതുവശത്തെ പിൻഭാഗം ബൈക്കിൽ തട്ടി ഇരുവരും ബസിനടിയിൽപ്പെടുകയായിരുന്നു .ശിഖ തൽക്ഷണം മരിച്ചു .

അപകടമുണ്ടായി ഇരുപതു മിനുട്ടിന് ശേഷമാണ് അഭിജിത്തിനെ ആശുപത്രിയിൽ എത്തിക്കാനായതെന്ന് നാട്ടുകാർ .

അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് നാട്ടുകാരും വിദ്യാർഥികളും മരിച്ചവരുടെ ബന്ധുക്കളും ആവശ്യപ്പെട്ടു. എം സി റോഡിലെ ബസുകളുടെ അമിത വേഗത സംബന്ധിച്ച് ദിനം പ്രതി വ്യാപക പരാതികൾ ഉയരുന്നതിനിടെയാണ് രണ്ടു കുടുംബങ്ങളെ തീരാവേദനയിലാക്കി പുതിയഅപകടമുണ്ടാകുന്നത്.

Advertisement