കുന്നത്തൂർ ഭൂതക്കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ പിക് അപ് പിൻതുടർന്ന് പിടികൂടി

Advertisement

കുന്നത്തൂർ: കുന്നത്തൂർ ഭൂതക്കുഴി ജംഗ്ഷനിൽ ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ തമിഴ്നാട് രജിസ്ട്രേഷനിലുള്ള വാഹനം നാട്ടുകാർ പിൻതുടർന്ന് പിടികൂടി. ഇന്ന് (തിങ്കൾ) രാത്രി ഏഴിന് ആയിരുന്നു സംഭവം.തമിഴ്നാട്ടിൽ നിന്നും വാഴക്കുലയുമായെത്തി വിതരണം കഴിഞ്ഞ് മടങ്ങിയ പിക്കപ്പ് ആണ് അപകടം സൃഷ്ടിച്ചത്.പിക്കപ്പിന് മുൻപിലായി പോകുകയായിരുന്ന ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകുകയായിരുന്നു.ജംഗ്ഷനിൽ ഉണ്ടായിരുന്നവർ ബഹളം വച്ച് പിക്കപ്പ് ഡ്രൈവറെ അപകടം അറിയിച്ചിട്ടും വാഹനം നിർത്താതെ അമിതവേഗതയിൽ പോകുകയായരുന്നു.തുടർന്ന് യുവാക്കൾ ബൈക്കിൽ പിൻതുടർന്ന് നാട്ടുകാരുടെ സഹായത്തോടെ കുന്നത്തൂർ ഗുരുമന്ദിരം ജംഗ്ഷനിൽ വച്ച് വാഹനം പിടികൂടുകയായിരുന്നു.

അപകടം ശ്രദ്ധയിൽപ്പെട്ടില്ലെന്നാണ് ഡ്രൈവർ പറയുന്നത്.അപകടത്തിൽ പരിക്കേറ്റ തുരുത്തിക്കര സ്വദേശിയായ കുട്ടനെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്ക് സാരമുള്ളതല്ല.വാഹനം ശാസ്താംകോട്ട പോലീസിന് കൈമാറി.

Advertisement