വധശ്രമക്കേസ് പ്രതി നാടുവിടാനുള്ള ശ്രമത്തിനിടയില്‍ പിടിയില്‍

Advertisement

ഓച്ചിറ .വധശ്രമക്കേസ് പ്രതി നാടുവിടാനുള്ള ശ്രമത്തിനിടയില്‍ മുംബൈ എയര്‍ പോര്‍ട്ടില്‍ നിന്നും പോലീസ് പിടിയിലായി. കായംകുളം കൊറ്റംകുളങ്ങര, ചാരുംമൂട്ടില്‍, ജിത്തു എന്ന ഷിയാസ്(23) ആണ് ഓച്ചിറ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ മാസം മുന്‍വിരോധം നിമിത്തം യുവാക്കളെ സംഘം ചേര്‍ന്ന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ഷിയാസ്.

പ്രതികള്‍ പങ്കെടുത്ത പാര്‍ട്ടിയില്‍ പോലീസ് റെയിഡ് നടത്തിയതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തിലേക്ക് നയിച്ചത്. തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ സംഘം ചേര്‍ന്ന് ഓച്ചിറ സ്വദേശിയായ ഹരികൃഷ്ണനേയും സുഹൃത്തുക്കളായ പങ്കജ്, അനന്ദു എന്നിവരെയും മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവ ശേഷം ഒളിവില്‍ കഴിഞ്ഞ് വന്ന ഷിയാസിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടന്ന് കളയാന്‍ ഇടയുണ്ടെന്ന് മനസ്സിലാക്കി ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് മുംബൈ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലായത്.

എയര്‍പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞ് വക്കുകയും വിവരം അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി മെറിന്‍ ജോസഫ് ഐപിഎസ് ന്‍റെ നിര്‍ദ്ദേശപ്രകാരം ഓച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ നിസാമുദ്ദീന്‍റെ നേതൃത്വത്തില്‍ എസ്.ഐ നിയാസ്, സി.പി.ഓ വിനോദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്യ്തു.

Advertisement