ചിത്രങ്ങളുടെ ലോകത്ത് വര്‍ണ്ണപൂമ്പാറ്റയായി ആര്യ

Advertisement

ശൂരനാട് .ജീവൻ തുടിക്കുന്ന ചിത്രങ്ങൾ പകർത്തി ഒരു പ്ലസ് ടു വിദ്യാർത്ഥിനി.ചെറിയ കാലയളവിൽ വരച്ചു തീർത്തത് നിരവധി ചിത്രങ്ങൾ. ആനയടി ഗ്രാമത്തിന് അഭിമാനമായി ആര്യചന്ദ്രൻ.
ഇത് ശൂരനാട് ആനയടി വഞ്ചിമുക്ക് ചെട്ടിരേത്ത് തെക്കേ തുണ്ടിൽ വീട്. ഈ വീട്ടിലെത്തിയാൽ എതിരേൽക്കുന്നത് ആര്യചന്ദ്രൻ എന്ന കൗമാരക്കാരിയുടെ വിരലുകൾ കവിത വിരിയിച്ച മനോഹര ചിത്രങ്ങളാണ്.ചുവരുകളിൽ ദൈവങ്ങൾ, ചരിത്ര പുരുഷൻമാർ, പ്രകൃതി സൗന്ദര്യം തുടങ്ങിയവ മിഴിവുറ്റ ചിത്രങ്ങളായി ജ്വലിച്ചു നിൽക്കുന്നു.

പ്രവാസിയായ ചന്ദ്രൻ പിള്ളയുടെയും ഫാൻസി ഷോപ്പ് ഉടമയായ ഉഷയുടെയും മകളായ ആര്യചന്ദ്രന് ചിത്രകല വെറുമൊരു കൗതുകം മാത്രമല്ല. മറിച്ച് ജീവിതത്തിൻ്റെ ഒരു ഭാഗമാണ് .കുട്ടിക്കാലത്ത് മകളെ സംഗീതം പഠിപ്പിക്കണമെന്നായിരുന്നു മാതാപിതാക്കളുടെ ആഗ്രഹം.ഇതിനായി ശ്രമിച്ചെങ്കിലും വരയുടെ ലോകമായിരുന്നു ആര്യയ്ക്ക് ഇഷ്ടം. മകളുടെ അഭിരുചി മനസ്സിലാക്കിയതോടെ രക്ഷകർത്താക്കളും ഒപ്പം നിന്നു. കുട്ടിക്കാലത്ത് തന്നെ ചിത്രകലാധ്യാപകൻ അനിൽ വർണ്ണത്തിൻ്റെ ശിഷ്യയായ ആര്യ പിന്നീട് വരയുടെ ലോകത്ത് തീർത്തത് വിസ്മയങ്ങൾ മാത്രമാണ്. സിനിമാ താരങ്ങൾ, ബന്ധുമിത്രാദികൾ തുടങ്ങി കണ്ണിനു മുമ്പിൽ കാണുന്നതെല്ലാം ആര്യ കടലാസ്സിൽ ജീവസ്സുറ്റ ചിത്രങ്ങളായി പകർത്തി.

കൊച്ചു കലാകാരിയുടെ വിരൽ തുമ്പിൽ വിരിഞ്ഞ ചിത്രങ്ങൾക്ക് 2022 ൽ യു.ആർ.എഫ് വേൾഡ് റിക്കോർഡ് തേടിയെത്തി. 23 ചിത്രകാരികളോട് മത്സരിച്ചാണ് ആര്യ ഈ നേട്ടം കരസ്ഥമാക്കിയത്. ശൂരനാട് ഗവ.എച്ച്.എസ്.എസ്സിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ ആര്യ പഠനത്തിനൊപ്പം ചിത്രരചനയും മുമ്പോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. ഭാവിയിൽ രവി വർമ്മ ചിത്രങ്ങൾ പുനസൃഷ്ടിക്കുക എന്നതാണ് ഈ കലാകാരിയുടെ ലക്ഷ്യം. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് ചന്ദ്രൻ ,മുത്തശ്ശി ദേവകിയമ്മ എന്നിവരും ആര്യയ്ക്ക് താങ്ങും തണലുമായി ഒപ്പമുണ്ട്.

Advertisement