വീടിന് സമീപം മദ്യപാനം-തര്‍ക്കത്തില്‍ ഒരാള്‍ക്ക് മാരക പരിക്ക് ; പ്രതി പിടിയില്‍

Advertisement

കൊട്ടിയം.വീടിന് സമീപത്തിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാളെ മാരകമായി പരിക്കേല്‍പ്പിച്ച പ്രതി പിടിയിലായി. ആദിച്ചനല്ലൂര്‍ സനോജ് ഭവനത്തില്‍ സജു(34) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ദിവസം കൊട്ടിയം പ്രതിഭാ ലൈബ്രറിക്ക് സമീപം സജുവിന്‍റെ വീടിനോട് ചേര്‍ന്ന് കൊട്ടിയം ഒറ്റപ്ലാമൂട് സ്വദേശിയായ ലാലുവും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യപിക്കുന്നത് കണ്ട് സജു ഇത് ചോദ്യം ചെയ്യാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

തര്‍ക്കത്തെ തുടര്‍ന്ന് സജു ലാലുവിനെ ചീത്ത വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ തെറിച്ചുവീണ ലാലുവിന്‍റെ തലയോട്ടിക്കും മുഖത്തും പൊട്ടല്‍ സംഭവിക്കുകയും ചെയ്യ്തു. തലച്ചോറിനുള്ളില്‍ ഉണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ ലാലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ മകന്‍റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യ്ത കൊട്ടിയം പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു. മുമ്പും നരഹത്യാശ്രമം, സ്ത്രീകള്‍ക്ക് നേരെയുളള കൈയ്യേറ്റം, അടിപിടി, അക്രമം, തുടങ്ങിയ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യ്തിട്ടുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് അറസ്റ്റിലായ സജു.
കൊട്ടിയം പോലീസ് ഇന്‍സ്പെക്ടര്‍ വിനോദിന്‍റെ നേതൃത്വത്തില്‍ എസ്.ഐ മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, സലീം എ.എസ്.ഐ സുനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയ റിമാന്‍റ് ചെയ്യ്തു.

Advertisement