കക്കൂസ് പൊട്ടി ഒലിക്കുന്നതിനരികെ നിര്‍മ്മാണം, നിറപ്പകിട്ടിന് തഴപ്പായ്ക്ക് ചേര്‍ക്കുന്ന കളര്‍,കരുനാഗപ്പള്ളി പുതിയകാവിൽ പിടിച്ച ബോംബേ മിട്ടായി അടിപൊളി

കരുനാഗപ്പള്ളി . കക്കൂസ് പൊട്ടി ഒലിക്കുന്നതിനരികെ നിര്‍മ്മാണം, നിറപ്പകിട്ടിന് തഴപ്പായ്ക്ക് ചേര്‍ക്കുന്ന കളര്‍, പുതിയകാവിൽ അനധികൃത ബോംബെ മിഠായി കേന്ദ്രത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന.വൃത്തിഹീനമായ സാഹചര്യത്തിൽ മിഠായി ഉൽപ്പാദിപ്പിക്കുന്നതായി കണ്ടെത്തി നടപടി.
നിരോധിത നിറങ്ങൾ ഉപയോഗിച്ചായിരുന്നു മിഠായി ഉൽപ്പാദനമെന്ന് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഡപ്യൂട്ടി കമ്മീഷണർ ജേക്കബ് തോമസ് വ്യക്തമാക്കി.

ബീച്ചിലും ഉല്‍സവ സ്ഥലത്തും വഴിയോരത്തുമെല്ലാം കാണാം കമ്പില്‍ കൊരുത്ത പഞ്ഞിമിഠായി ക്കവറുകള്‍, വെറുതേ വാങ്ങിത്തിന്നാന്‍ വലിയവര്‍ക്കുപോലും കമ്പമെങ്കില്‍ കുരുന്നുകളുടെ കാര്യം പറയാനുണ്ടോ.

കരുനാഗപ്പള്ളി പുതിയകാവിന് വടക്കുവശത്തായി അന്യസംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിൽ നിന്നുമാണ് ബോംബെ മിട്ടായി ഉണ്ടാക്കുന്ന നാല് മെഷീനും നിരോധിത നിറങ്ങളും പിടികൂടിയത്.
തഴപ്പ നിർമ്മാണത്തിന് നിറം നൽകുന്ന വർണ്ണ പൊടിയാണ് ഇവർ ബോംബെ മുട്ടായി ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത് .
ഇവിടെ നിർമ്മിക്കുന്ന മിട്ടായി കൊല്ലം ആലപ്പുഴ അഴീക്കൽ ബീച്ചുകളിലും ഉത്സവപ്പറമ്പുകളിലും സ്കൂളുകളുടെ മുൻപിലുമായിരുന്നു വിൽപ്പന. 25 ഓളം വരുന്ന തൊഴിലാളികൾ വിറ്റഴിക്കുന്നത് ഉല്‍പാദിപ്പിക്കുന്നത് തികച്ചും വൃത്തിഹീനമായ ചുറ്റുപാടിലാണെന്നും കണ്ടെത്തി. ഇവർ മിഠായി ഉണ്ടാക്കുന്നതിൻ്റെ സമീപത്ത് കക്കൂസ് മാലിന്യം പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു.ഇതിനുമുമ്പും ഇവരെ പിടികൂടുകയും നിരോധിത നിറങ്ങൾ ഉപയോഗിക്കരുതെന്ന കർശന നിർദ്ദേശം നൽകിയതുമായിരുന്നു.
ഇനി ഈ ബിൽഡിങ്ങിൽ നിന്നും ഇവരെ ഒഴിപ്പിക്കാനാണ് പോലീസിന്റെയും ഫുഡ് ആൻഡ് സേഫ്റ്റി എൻഫോഴ്സ്മെന്റിന്റെയും തീരുമാനം.കെട്ടിട ഉടമ കരുനാഗപ്പള്ളി സ്വദേശി സക്കീർ ഹുസൈനെതിരെ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

കുട്ടികൾ ഇത്തരം മിഠായി കഴിക്കുന്നത് കാരണം രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും രക്ഷകർത്താക്കൾ ഈ മിഠായി കുട്ടികൾക്ക് വാങ്ങിച്ചു കൊടുക്കരുതെന്നും ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisement