നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ ഇനി ക്ലീനാകും

ചവറ: കേരളത്തിലെ പ്രധാനപ്പെട്ട മത്സ്യബന്ധനകേന്ദ്രമാണ് നീണ്ടകര ഫിഷിംഗ് ഹാര്‍ബര്‍ . നൂറ് കണക്കിന് മത്സ്യബന്ധനയാനങ്ങള്‍ ടണ്‍കണക്കിന് മത്സ്യങ്ങളുമായി എത്തുന്ന സ്ഥലമാണ്. മത്സ്യം വാങ്ങുന്നവരും വില്‍ക്കുന്നവരും സേവനദാതാക്കളും ഒത്തുചേരുകയും, ഉല്‍പ്പാദകരുടെയും വ്യാപാരികളുടെയും സംഗമസ്ഥലവും കൂടിയാണ്. മത്സ്യം പെട്ടെന്ന് കേടാകുന്നതിനാല്‍ മത്സ്യം വില്‍ക്കാനുളള ഹാര്‍ബര്‍ യാര്‍ഡ് ഉന്നതനിലവാരത്തില്‍ ശുചിത്വമുളളതാകണം. ഹാര്‍ബറിലെ നിലവിലെ ശുചിത്വാവസ്ഥ ആരോഗ്യകരമല്ല. ഇത് മത്സ്യത്തിന്‍റെ വിലയിലും കയറ്റുമതിയെയും പ്രതികൂലമായി ബാധിക്കും.

ഇതിനൊക്കെ പരിഹാരമാകുന്ന വിധത്തിലാണ് ഉയര്‍ന്നമര്‍ദ്ദത്തിലുളള യന്ത്രവത്കൃത വാഷിംഗ് യൂണിറ്റുകള്‍ വാഹനത്തില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കന്നത്.
കുറഞ്ഞ അളവില്‍ വെളളം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുളളില്‍ ശുചീകരണം ഉറപ്പാക്കാം. ഇത്തരത്തിലുളള ആധുനിക സംവിധാനം ശുചിത്വത്തിനുപയോഗിക്കുന്ന ആദ്യത്തെ മത്സ്യബന്ധനതുറമുഖമായി നീണ്ടകര മാറുകയാണെന്ന് ഡോ. സുജിത് വിജയന്‍പിളള എംഎല്‍എ പറഞ്ഞു.


പരീക്ഷണാടിസ്ഥാനത്തിലുളള ശുചീകരണ മെഷീന്‍ പ്രവര്‍ത്തനം വിജയകരമായിരുന്നുവെന്നും പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 25 ലക്ഷം രൂപ ചെലവ് വരുമെന്നും ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Advertisement