കുലശേഖരപുരം സർവീസ് ബാങ്കിൽ പണയാധാരം കടത്തിയ ജീവനക്കാരനെ തിരിച്ചെടുത്തു;പുതിയ ആരോപണവുമായി ഭരണസമിതി അംഗം

കരുനാഗപ്പള്ളി. കുലശേഖരപുരം ക്യൂ 218 സർവീസ് സഹകരണ ബാങ്കിൽ പണയാധാരമായി ബാങ്ക് സൂക്ഷിച്ചിരുന്ന പ്രമാണം കടത്തിക്കൊണ്ടുപോയ കേസിൽ സസ്പെൻഷനിലായിരുന്ന സിപിഎം ലോക്കൽ കമ്മിറ്റി അംഗം കൂടിയായ ജീവനക്കാരനെ തിരിച്ചെടുത്തു. സഹകരണ വകുപ്പും ബാങ്ക് ഭരണസമിതിയും സംഭവം സംബന്ധിച്ച് അന്വേഷണം നടത്തി വരുന്നതിനിടയാണ് ജീവനക്കാരനെ തിരിച്ചെടുത്തിരിക്കുന്നത്. സഹകരണ വകുപ്പിന് ഇക്കാര്യത്തിൽ അതൃപ്തി ഉണ്ടെന്നാണ് അറിയുന്നത്.

ഇതിനിടെ സംഭവം എങ്ങനെയും ഒതുക്കി തീർക്കാൻ സിപിഎമ്മിലെ ഒരു വിഭാഗം ശ്രമിക്കുന്നതിനിടയിൽ ബാങ്ക് ഭരണസമിതി അംഗം കൂടിയായ വനിതാ നേതാവ് പാർട്ടി യോഗത്തിൽ പരസ്യമായി ബാങ്കിൽ മുക്കുപണ്ടം പണയം വെച്ചതുമായി ബന്ധപ്പെട്ട ആരോപണം ഉന്നയിച്ചത് പാർട്ടിക്ക് പുതിയ തലവേദന ആയിരിക്കുകയാണ്. ഇക്കാര്യം ഏറെ ഗൗരവത്തോടെയാണ് പാർട്ടി നേതൃത്വം എടുത്തിരിക്കുന്നത്. പ്രശ്നം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയതായി അറിയുന്നു.

നേരത്തെ ബാങ്കിൽ നിന്നും ലോൺ എടുക്കാൻ എത്തിയ സഹകാരിയുടെ പണയാധാരമാണ് ജീവനക്കാരൻ കടത്തിക്കൊണ്ടു പോയത്. വായ്പക്കാരന് ജീവനക്കാരൻ തന്നെ പണം നൽകിയതായും പറയപ്പെടുന്നു. വായ്പ ഗഡു തിരിച്ചടയ്ക്കാൻ സഹകാരി എത്തിയതോടെയാണ് സംഭവം പുറത്താകുന്നത്. ലോക്കറിൽ അതീവ സുരക്ഷയോടെ സൂക്ഷിച്ചിരുന്ന പണയാധാരം കടത്തിക്കൊണ്ടുപോയ സംഭവം ഗൗരവമായാണ് സഹകരണ വകുപ്പ് കാണുന്നത്.

കരുനാഗപ്പള്ളി അസിസ്റ്റൻറ് രജിസ്ട്രാറുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം ഇത് സംബന്ധിച്ച് ബാങ്കിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. മുക്കു പണ്ടം പണയം വെച്ച് പണം തട്ടിയതായുള്ള ആരോപണം ബാങ്ക് ഭരണസമിതി അംഗം തന്നെ നിരവധി പാർട്ടി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഉന്നയിച്ചതോടെ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വീണ്ടും സങ്കീർണ്ണമാവുകയാണ്.

Advertisement