പുറമ്പോക്ക് ഭൂമികൂടി കയ്യേറി നിർമ്മിച്ച പെട്രോൾ പമ്പിന് ലൈസൻസ് നൽകരുതെന്ന് ട്രൈബ്യൂണൽ ഉത്തരവ്

Advertisement

കുന്നത്തൂർ: ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുറമ്പോക്ക് ഭൂമി കയ്യേറി സ്വകാര്യ വ്യക്തി നിർമ്മിച്ച പെട്രൊൾ പമ്പിന് ലൈസൻസ് നൽകരുതെന്ന് തിരുവനന്തപുരം തദ്ദേശ സ്വയംഭരണ ട്രൈബ്യൂണൽ
കോടതി ഉത്തരവിട്ടു.ആയിക്കുന്നം വാഴയിൽ തെക്കതിൽ ശ്രീജു ശിവനാണ് പരാതിയുമായി ട്രൈബ്യൂണൽ
കോടതിയെ സമീപിച്ചത്.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,പ്രസിഡന്റ് പമ്പ് ഉടമ അടൂർ സ്വദേശി നിഖിൽ എന്നിവരെ എതിർ കക്ഷികളാക്കിയാണ് പരാതി നൽകിയത്.ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ കൊട്ടാരക്കര പ്രധാന പാതയിൽ പൈപ്പ് മുക്കിൽ ഉണ്ടായിരുന്ന സർവ്വേ 69/9 ൽപ്പെട്ട ഭൂമിയാണ് അനധീകൃതമായി കയ്യേറി പെട്രൊൾ പമ്പ് സ്ഥാപിച്ചത്.തന്റെ ഉടമസ്ഥയിലുളള വസ്തുവിനോട് ചേർന്ന് കിടന്ന പുറമ്പോക്ക് ഭൂമി കൂടി നിർമ്മാണത്തിനായി കയ്യേറുകയായിരുന്നു.
പമ്പിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട് ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിൽ നടന്ന ഭരണ സമിതി യോഗത്തിൽ 7 അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ഇത് അവഗണിച്ച് ഭരണപക്ഷത്തുളള 8 സിപിഎം അംഗങ്ങൾ ലൈസൻസ് നൽകുന്നതിനെ അനുകൂലിക്കുകയും സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

Advertisement