റോഡിൽ തെരുവ് നായകൾക്ക് ഭക്ഷണം വിളമ്പൽ നാട്ടുകാർ പോലീസിൽ പരാതി നൽകി

പടിഞ്ഞാറെ കല്ലട / മൈനാഗപ്പള്ളി : ആദിക്കാട്മുക്കിലും കോട്ടക്കുഴി മുക്കിലും പരിസര പ്രദേശങ്ങളിലും തെരുവ്നായകൾക്ക് നടു റോഡിൽ ഭക്ഷണം വിളമ്പുന്നതിനെതിരെ പ്രദേശവാസികൾ ശാസ്താംകോട്ട സിഐ യ്ക്ക് പരാതി നൽകി. റിട്ട. കെഎസ്ഇബി ജീവനക്കാരനായ മൈനാഗപ്പള്ളി വേങ്ങ സ്വദേശിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.

മാസങ്ങളായി റോഡിലും പരിസരങ്ങളിലുമായി തെരുവ് നായകൾക്ക് ഇയാൾ ഭക്ഷണം വിളമ്പുന്നതിനാൽ ഇവിടെ നായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു കൊണ്ടിരിക്കുകയാണ്. ദൂരെ ദേശങ്ങളിൽ നിന്നുള്ള നായകൾ വരെ ആഹാരത്തിനായി പ്രദേശത്ത്‌ തമ്പടിച്ചിരിക്കുന്നു. കാൽനട യാത്രക്കാർക്കും ഇരു ചക്രവാഹന യാത്രക്കാർക്കും നിരന്തരം നായകളുടെ അക്രമം ഉണ്ടാകുന്നതിനോടൊപ്പം പ്രദേശത്തെ വീടുകളിലും നായ ശല്യം അതിരൂക്ഷമായിരിക്കുകയാണ്. സ്കൂൾ കുട്ടികൾ കൂട്ടമായി കയ്യിൽ വടിയും കൊണ്ടാണ് ഇതുവഴി യാത്ര ചെയ്യുന്നത്.


റോഡിൽ ഹോട്ടൽ മാലിന്യം നിക്ഷേപിക്കരുതെന്ന് കാണിച്ച് ഇയാൾക്കെതിരെ പടിഞ്ഞാറേക്കല്ലട പഞ്ചായത്തിൽ നിന്നും രണ്ടു പ്രാവശ്യം നോട്ടീസ് നൽകിയിട്ടും പരിഹാരം ഉണ്ടാവാത്തതിനെത്തുടർന്നാണ് നാട്ടുകാർ പോലീസിനെ സമീപിച്ചിരിക്കുന്നത്. ഹോട്ടൽ മാലിന്യം ശേഖരിച്ചും സ്വന്തമായി വീട്ടുമുറ്റത്ത് പാചകം ചെയ്‌തും നായകൾക്ക് റോഡിൽ വിളമ്പുന്നതിനോടൊപ്പം ബിസ്ക്കറ്റുകൾ റോഡിൽ വിതറിയും നായകൾക്ക് നൽകി വരുന്നുണ്ട്. ഹോട്ടൽ മാലിന്യം പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളുടെ സമീപത്തു വരെ കൊണ്ടു വന്നിടുന്നതിനാൽ ഇതിന്റെ ദുർഗന്ധം കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുന്നുണ്ട്. നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് രാത്രി 12 മണിക്ക് ശേഷവും ഇയാൾ നായകൾക്ക് ഭക്ഷണം വിളമ്പി വരുന്നു.

പരിസരത്തെ കാടുകളിൽ നായകൾ പെറ്റു പെരുകുകയാണ്. പെറ്റു കിടക്കുന്ന നായകൾക്ക് പൊതിച്ചോർ അവ കിടക്കുന്നിടങ്ങളിൽ കൊണ്ടു പോയും കൊടുക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ ഇയാൾ കറുത്ത വസ്ത്രങ്ങൾ ധരിച്ചു വന്നു വീടുകളുടെ കാർ പോർച്ചിലും തിണ്ണകളിലും ഭക്ഷണപ്പൊതി വച്ചിട്ടു പോകുന്നുമുണ്ട്. നാട്ടുകാർ നേരിട്ടും പഞ്ചായത്ത്‌ അധികാരികൾ മുഖേനയും തടയാൻ ശ്രമിച്ചിട്ടും നടക്കാത്തതിനാലാണ് ശാസ്താംകോട്ട പോലീസിൽ പരാതി നൽകിയിരിക്കുന്നത്.


തെരുവ് നായകൾക്ക് ഭക്ഷണം നൽകാൻ ബദൽ സംവിധാനം ഒരുക്കണമെന്നും ജനവാസ മേഖലയിലും പൊതുവഴിയിലും നടത്തുന്ന ഈ പ്രവർത്തി നാട്ടിൽ വലിയ ദുരന്തം ഉണ്ടാക്കുമെന്നും അധികാരികൾ അടിയന്തിരമായി നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കുമെന്നും കോൺഗ്രസ്‌ നേതാവ് ദിനകർ കോട്ടക്കുഴി അറിയിച്ചു.

Advertisement