ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള ഇന്ന്;ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും പകൽ 3 മുതൽ

ആനയടി: ചരിത്ര പ്രസിദ്ധമായ ആനയടി ഗജമേള ഇന്ന്(ഞായർ) വൈകിട്ട് 5 മുതൽ പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിന്റെ തെക്കുഭാഗത്തായുള്ള വയലിൽ നടക്കും.ഗജമേളയ്ക്ക് ദേവന്റെ ഗ്രാമപ്രദക്ഷിണവും കെട്ടുകാഴ്ച മഹോത്സവവും മുന്നോടിയായിപകൽ 3 മുതൽ ആരംഭിക്കും.നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ
ദേവന്റെ എഴുന്നെള്ളത്ത് ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കെട്ടുകാഴ്ചകളുമായി സംഗമം ജംഗ്ഷൻ,പാറ ജംഗ്ഷൻ,വയ്യാങ്കര,വഞ്ചി മുക്ക്, ആനയടി ജംഗ്ഷൻ,കോട്ടപ്പുറം,
പാറപ്പുറം,റൈസ് മിൽ ജംഗ്ഷൻ,പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വഴി എത്തിച്ചേരും.നരസിംഹ പ്രിയൻ ആനയടി അപ്പു ദേവന്റെ തിടമ്പേറ്റും.
ഗജവീരന്മാരായ തടത്താവിള സുരേഷ്,ചെത്തല്ലൂർ ദേവിദാസൻ എന്നിവർ അകമ്പടിയേകും.വൈകിട്ട് 5 മുതൽ അസ്തമയ സൂര്യന് ചന്തം ചാർത്തി നെറ്റിപ്പട്ടം കെട്ടിയ സഹ്യന്മാർ കറുപ്പിന്റെ അഴക് വിടർത്തി പഴയിടം വയലിൽ അണിനിരക്കും.തൃശൂർ പൂരം തിരുവമ്പാടി വിഭാഗം പൂര പ്രമാണി വാദ്യ കലാരത്നം കിഴക്കൂട്ട് അനിയൻ മാരാർ അവതരിപ്പിക്കുന്ന പാണ്ടിമേളം
ഗജമേളയ്ക്ക് ഭക്തിസാന്ദ്രമായ നാദതാള വിസ്മയം പകരും.രാത്രി 7.30 ന് തൃക്കൊടിയിറക്ക്,വലിയ കാണിക്ക, 7.45 ന് ആറാട്ട് എഴുന്നള്ളത്ത്,8 ന് നാഗസ്വരക്കച്ചേരി, 9.45 ന് ആറാട്ടുവരവ്,ആറാട്ടു കഴിഞ്ഞെത്തുന്ന ദേവന് ഗജമേളയിൽ പങ്കെടുത്ത ഗജവീരന്മാർ അകമ്പടിയായി അണിനിരന്ന് ക്ഷേത്ര
ഗോപുരനടയിൽ സേവ,10 മുതൽ പഞ്ചാരിമേളം,ഒന്നിന് ചന്ദ്രകാന്ത – സ്‌റ്റേജ് സിനിമ.

Advertisement