വാഹനാപകടത്തിൽ പരിക്കേറ്റ യുവതി ചികില്‍സക്കിടെ മരിച്ച സംഭവത്തില്‍ ദുരൂഹത

Advertisement

കൊല്ലം. വാഹനാപകടത്തിൽ പരിക്കേറ്റ് അയത്തിൽ മെഡിട്രീന ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു. വർക്കല വടശേരിക്കോണം ചെമ്മരുതി അക്കരമംഗലത്ത് രഞ്ജിത്തിൻ്റെ ഭാര്യ ശ്രുതി എസ് ജ്യോതി (27)യാണ് മരിച്ചത്.

ഭർത്താവ് വിദേശത്തായതിനാൽ ഏറെ നാളായി അമ്മ ശാലിനിക്കൊപ്പം കൊല്ലം അയത്തിലെ വീട്ടിലായിരുന്നു താമസം.
കഴിഞ്ഞ 16ന് നാലു വയസ്സുകാരിയായ മകൾ ഭദ്ര രഞ്ജിത്തിനെ മെഡിട്രീന ആശുപത്രിയിൽ കാണിക്കാനായി നടന്നുവരവെ ആശുപത്രിക്കു സമീപം വച്ച് പിന്നാലെ നിയന്ത്രണം വിട്ടുവന്ന ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

കവിളെല്ലിന് ഗുരുതരമായി പരിക്കേറ്റ ശ്രുതിക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ ഉടൻ ആരോഗ്യനില വഷളായതായും വൈകിട്ട് ഹൃദയസ്തംഭനം മൂലം മരിച്ചതായും അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.

ആശുപത്രി അധികൃതരുടെ അനാസ്ഥ യാണ് മരണകാരണമെന്ന് കാട്ടി ബന്ധുക്കൾ ഇരവിപുരം പൊലീസിൽ പരാതി നൽകിയതിനാൽ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വർക്കലയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

Advertisement