ദേശീയ കിക്ക്ബോക്സിങ് ചാമ്പ്യൻഷിപ്പ് ,3 സ്വർണവും 2 വെള്ളിയും നേടി കൊല്ലം

പത്തനാപുരം : ഒഡീഷയിലെ ഭുവനേശ്വറിൽ വച്ച് നടന്ന ദേശീയ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് മൂന്ന്  സ്വർണവും രണ്ട്  വെള്ളിയും. 

വിദ്യാർത്ഥികളും തൊഴിലാളികളും അടങ്ങുന്ന സംഘമാണ് ഈ നേട്ടം കൈവരിച്ചത്. കേരളത്തെ പ്രതിനിധീകരിച്ച് കൊല്ലം ജില്ലയിൽ നിന്ന് അഞ്ച് പേരാണ് മെഡലുകൾ  കരസ്ഥമാക്കിയത്. പൗർണമി വിനോദ് ലിജ ചന്ദ്രൻ, അലൻ ജോസ്, എന്നിവർ  സ്വർണ്ണമെഡലുകളും. ജിജോ ജോൺ, അതുൽ വിജയൻ എന്നിവർ വെള്ളിമെഡലുകളും വിവിധ കാറ്റഗറികളിലായി നേടി.

സബ് ജൂനിയർ വിഭാഗത്തിലാണ് പൗർണമി വിനോദ് സ്വർണ്ണ മെഡൽ നേടിയത്. തലവൂര്‍ കുരാ വിനോദ് ഭവനില്‍ വിനോദിന്‍റേയും ധന്യയുടേയും മകളാണ്.ചെങ്ങമനാട് ബി ആർ എം സെൻട്രൽ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് പൗർണമി.

ലിജ ചന്ദ്രൻ സീനിയർ ലോ കിക് 50 കിലോ വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്. പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയായ ലിജ തലവൂർ പാണ്ടിത്തിട്ട അർജുൻ ഭവനില്‍ രവിചന്ദ്രൻ -ഹേമലത ദമ്പതികളുടെ മകളാണ്.

അടൂർ സെന്റ് സിറിൽസ്  കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അലൻ ജോസ് സീനിയർ കിക്ക് ലൈറ്റ് 75 കിലോ  വിഭാഗത്തിലാണ് സ്വർണ്ണ മെഡൽ നേടിയത്. തലവൂര്‍ പാണ്ടിത്തിട്ട മുട്ടോട്ട് ചരുവിള വീട്ടില്‍ ജോസ് ജോര്‍ജ്ജ് -അജി ജോസ് ദമ്പതികളുടെ മകനാണ് അലന്‍.

വെട്ടിക്കവല  ജോജിഭവനില്‍ ജോണ്‍- ജിജിമോള്‍ ദമ്പതികളുടെ മകനായ  ജിജോ ജോൺ സീനിയർ ഫുൾ കോൺടാക്ട് 60 കിലോ വിഭാഗത്തിലാണ് വെള്ളിമെഡൽ നേടിയത്. 

കൊട്ടാരക്കര  മണ്ണിക്കൽ കിഴക്കേതിൽ വീട്ടില്‍ വിജയന്‍ -മിനി ദമ്പതികളുടെ മകനായ അതുൽ വിജയൻ സീനിയർ കിക്ക് ലൈറ്റ് 56 കിലോ വിഭാഗത്തിലാണ് വെള്ളിമെഡൽ നേടിയത്.  തലവൂരില്‍ പ്രവര്‍ത്തിക്കുന്ന കോംപാക് ഫൈറ്റ് ക്ലബ്ബിലെ എസ്. ശരത്താണ് ഇവരുടെ  പരിശീലകന്‍.

Advertisement