കെ എം എം എൽ ലാഭക്കുതിപ്പിൽ; ലാഭം ഇരട്ടിപ്പിക്കാൻ ആധുനീകരണം- മന്ത്രി പി രാജീവ്

Advertisement

ചവറ. കെ എം എം എൽ 114 കോടി ലാഭം നേടി മികച്ച നിലയിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഫാക്ടറിയിലെ മിനറൽ സെപ്പറേഷൻ യൂണിറ്റ് നടപ്പാലം, എംപ്ലോയീസ് കോപ്പറേറ്റീവ് സൊസൈറ്റി, എംപ്ലോയീസ് റിക്രിയേഷൻ ക്ലബ്, ടെക്നിക്കൽ സർവീസ് ബിൽഡിങ്ങുകളുടെ ശിലാസ്ഥാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കമ്പനിയിലെ ടൈറ്റാനിയം സ്പോഞ്ച് യൂണിറ്റ് കൂടുതൽ ലാഭകരമാക്കാൻ സാങ്കേതിക വിദ്യയുടെ ആധുനീകരണം പരിഗണനയിലാണ്. ഇവിടെ നിന്നുള്ള മാലിന്യം വേർതിരിച്ച് പുതിയ ഉൽപ്പന്നം സൃഷ്ടിക്കുന്നത് വലിയ മാറ്റത്തിന് ഇടയാക്കുന്നു. അമ്ള മാലിന്യത്തിന്റെ ഉപോൽപ്പന്നം സ്റ്റീൽ കമ്പനികൾ അംഗീകരിച്ചു കഴിഞ്ഞു. അവയുടെ വില്പനയിലൂടെ കമ്പനിക്ക് വരുമാനവർദ്ധനയും ഉറപ്പാക്കാനാകും.
എട്ടു മാസം കൊണ്ട് 80 കോടി രൂപയുടെ അരിയർ തീർത്തു നൽകാൻ കഴിഞ്ഞു. ഫാക്ടറിയുടെ സമഗ്ര വികസനത്തിനായി മാസ്റ്റർ പ്ലാനും തയ്യാറാക്കി. ഇവിടുത്തെ ഒഴിവുകൾ കഴിയുന്നതും വേഗം നികത്തും. ഇനിയങ്ങോട്ട് ഖനനത്തിനായി സ്ഥലം ലീസിന് എടുക്കുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കും വിധമുള്ള സമരങ്ങളിൽ നിന്ന് എല്ലാ വിഭാഗങ്ങളും മാറിനിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കമ്പനിയെ മികച്ച നിലയിലേക്ക് നയിക്കുന്നതിൽ തൊഴിലാളികളും ഓഫീസർമാരും നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.

ഏറ്റവും കൂടുതൽ സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടത്തുന്ന സംസ്ഥാനമാണ് കേരളം എന്ന് ചടങ്ങിൽ അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. എല്ലാവർക്കും വരുമാനം നേടാനുള്ള വഴി ഒരുക്കുന്നതിൽ സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുടർന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. സുജിത്ത് വിജയൻ പിള്ള എം എൽ എ, എൻ കെ പ്രേമചന്ദ്രൻ എം പി, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ എം ഷമി, കെ ബാബു, ജില്ലാ പഞ്ചായത്ത് അംഗം സിപി സുധീഷ് കുമാർ, കമ്പനി എംഡി ജെ. ചന്ദ്ര ബോസ്, കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ് ജയമോഹൻ, വിവിധ തൊഴിലാളി സംഘടന നേതാക്കൾ, ഓഫീസർമാരുടെ സംഘടനയുടെ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Advertisement