വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ച,കെഎംഎംഎൽ: ഖനന മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി

ചവറ കെ.എം.എം.എൽ എം എസ് യൂണിറ്റിന്റെ ഖനന മേഖലകളിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി. മൈനിംഗ് സൈറ്റുകൾക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരെ കമ്പനിയിൽ റൊട്ടേഷൻ വ്യവസ്ഥയിൽ നേരിട്ട് കരാർ ജീവനക്കാരായി നിയമിക്കുന്നത് സംബന്ധിച്ചും പ്രദേശത്തെ പാലം, സ്കൂൾ പുനർ നിർമ്മാണം സംബന്ധിച്ചുമുള്ള വിശദാംശങ്ങളിലാണ് ധാരണയായത്. 159 ഒഴിവുകളിലായി ലഭിക്കുന്ന 4770 തൊഴിൽ ദിനങ്ങളിൽ നാല് ഖനന പ്രദേശങ്ങളിൽ നിന്നുള്ളവരെ 10:6:5:5 അനുപാതത്തിലാണ് നിയമിക്കുക. വ്യവസായ മന്ത്രി പി.രാജീവിന്റെ സാന്നിധ്യത്തിൽ മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനത്തിലെത്തിയത്.കുടിയൊഴിപ്പിക്കപ്പെട്ടവരുടെ ദീർഘകാല ആവശ്യത്തിനാണ് പരിഹാരമുണ്ടായിക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

പൊൻമന 1, പൊൻമന 2, പൊൻമന 3, കോവിൽ തോട്ടം എന്നീ നാല് ഖനന പ്രദേശങ്ങൾക്കായി കുടിയൊഴിപ്പികപ്പെട്ടവർക്കാണ് തീരുമാനം ബാധകമാവുക.
ഖനന പ്രദേശങ്ങളിലെ ജോലികളിൽ കരാർ അടിസ്ഥാനത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവരെ നേരത്തെ നിയോഗിച്ചിരുന്നത്. ഇവരെ റൊട്ടേഷൻ വ്യവസ്ഥയിലെങ്കിലും നേരിട്ട് നിയമിക്കണമെന്നത് ദീർഘകാല ആവശ്യമായിരുന്നു. തൊഴിലാളി യൂണിയനുകളുടേയും രാഷ്ട്രീയ കക്ഷികളുടേയും നിരന്തരമായ ആവശ്യത്തെത്തുടർന്ന് ഇതിന്റെ സാധ്യത പരിശോധിക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷിനെ ചുമതലപ്പെടുത്തി. മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ നടന്ന ചർച്ചയിലാണ് ഈ തീരുമാനമെടുത്തത്. ഇതിന്റെ തുടർച്ചയായാണ് മാനേജ്മെന്റും തൊഴിലാളി യൂണിയനുകളുമായി ചർച്ചയിലൂടെ ധാരണയിലെത്തിയത്. 4770 തൊഴിൽ ദിനങ്ങളാണ് ആകെ ലഭ്യമാവുക. പൊൻമന 1 സൈറ്റിലെ 21 വർഷം സർവ്വീസുള്ളവർക്ക് 10 ഉം പൊൻമന 2 ൽ ഉൾപ്പെടുന്നവർക്ക് 6 ഉം പൊൻമന 3 ൽ ഉൾപ്പെടുന്നവർക്ക് 5 ഉം കോവിൽ തോട്ടം സൈറ്റിൽ ഉൾപെട്ടവർക്ക് 5 ഉം പ്രതിമാസ തൊഴിൽ ദിനങ്ങൾ ലഭിക്കും. ഇവരുടെ വേതനം ടി.പി യൂണിറ്റിലെ കരാർ തൊഴിലാളികളുടേതിന് തുല്യമായിരിക്കും. ലാഭകരമല്ലാത്ത പൊൻമന സൈറ്റ് 1, 2 എന്നിവ ഈ ക്രമീകരണത്തിന് ശേഷം നിർത്തലാക്കും. ചവറ എം.എൽ.എ ഡോ.സുജിത് വിജയൻ പിള്ളയുടെ നേതൃത്വത്തിലും വിവിധ ചർച്ചകൾ നേരത്തെ നടത്തിയിരുന്നു.

കോവിൽ തോട്ടത്ത് പാലവും സ്കൂളും മാറ്റി സ്ഥാപിക്കുന്നതു സംബന്‌ധിച്ചും ധാരണയായി. ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി നിലവിലുള്ള പാലം മാറ്റി സ്ഥാപിക്കേണ്ടി വരും. പ്രദേശത്തെ സെന്റ് ഗ്രിഗോറിയസ് സ്കൂൾ ഇതിന്റെ ഭാഗമായി മാറ്റി സ്ഥാപിക്കുന്നതിന് ഭൂമി നൽകാനും തീരുമാനിച്ചു. പുതിയ സ്കൂൾ കെ.എം.എം.എൽ തന്നെ നിർമ്മിച്ചു നൽകും. സെന്റ് ഗ്രിഗോറിയസ് എൽ.പി. സ്കൂളിന് അനുവദിക്കുന്ന ഭൂമിയിൽ നിന്ന് ധാതുമണൽ ഖനനം ചെയ്ത് എടുത്ത ശേഷം നിർമ്മാണയോഗ്യമാക്കിയായിരിക്കും ഭൂമി അനുവദിക്കുക.

ഡോ.സുജിത് വിജയൻ പിള്ള എം.എൽ.എ, കെ.എം.എം.എൽ എം.ഡി ജെ. ചന്ദ്രബോസ്, കോവിൽ തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി വികാരി ഫാദർ മിൽട്ടൺ, വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Advertisement