യുവ സംവിധായക നയന സൂര്യൻ്റെ മരണം;പ്രത്യേക പോലീസ് സംഘം അന്വേഷിക്കണം:എ എം ആരിഫ് എം പി

Advertisement

കരുനാഗപ്പള്ളി . ആലപ്പാട്, അഴീക്കൽ സ്വദേശിയായ യുവചലച്ചിത്ര സംവിധായക
നയന സൂര്യനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം സംബന്ധിച്ച് പുതുതായി പുറത്തു വരുന്ന വിവരങ്ങൾ ഗൗരവമുള്ളതാണെന്നും ഇത് സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് ക്രൈംബ്രാഞ്ച് ഉൾപ്പെടെയുള്ള പ്രത്യേക പോലീസ് സംഘത്തിൻ്റെ നേതൃത്വത്തിൽ അന്വേഷണം നടത്തണമെന്നും എ എം ആരിഫ് എം പി പറഞ്ഞു.

പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു എം പി. മരണം കൊലപാതകം ആകാമെന്ന സൂചനകൾ പോസ്റ്റ്മാർട്ടം റിപ്പോർട്ടിലുണ്ട്. മ്യൂസിയം പോലീസ് ഇക്കാര്യം വേണ്ടത്ര ഗൗരവത്തിൽ പരിശോധിച്ചിട്ടില്ല എന്നാണ് മനസ്സിലാകുന്നത്.ഈ സാഹചര്യത്തിൽ മരണത്തിലെ ദുരൂഹത നീക്കുവാൻ ആവശ്യമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവിശ്യപ്പെടുമെന്നും എംപി പറഞ്ഞു. ചലച്ചിത്രരംഗത്ത് പ്രതീക്ഷയോടെ വളർന്നുവന്ന യുവ സംവിധായിക ആയിരുന്നു നയന സൂര്യനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നയന സൂര്യയുടെ ബന്ധുക്കളിൽ നിന്നും എം പി വിവരങ്ങൾ ചോദിച്ചറിഞ്ഞു. മരണത്തിലെ ദുരൂഹത നീക്കാൻ എല്ലാ സഹായങ്ങളും അദ്ദേഹം ഉറപ്പു നൽകി.


ജില്ലാ പഞ്ചായത്ത് അംഗം വസന്ത രമേശ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ദീപ്തി രവീന്ദ്രൻ, മത്സ്യഫെഡ് ഭരണസമിതി അംഗം ജി രാജദാസ്, സിപിഎം ഏരിയ കമ്മിറ്റി അംഗം പി ലിജു, ലോക്കൽ കമ്മിറ്റി സെക്രട്ടറി വി എസ് പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം നിഷ, ഡിവൈഎഫ്ഐ ഏരിയ ട്രഷറർ നിതീഷ് തുടങ്ങിയവരും എംപിയ്ക്കൊപ്പം ഉണ്ടായിരുന്നു.

Advertisement