തൊഴിൽ ലഭ്യമാക്കുന്ന പദ്ധതികൾക്ക് മുൻഗണന : ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്

Advertisement

ഇളമാട്. തൊഴിൽ നൽകുന്ന പദ്ധതികൾക്കാണ് ജില്ലാ പഞ്ചായത്ത്‌ മുൻഗണന നൽകുന്നതെന്ന് പ്രസിഡന്റ് സാം. കെ. ഡാനിയേൽ. ഇളമാട് ഗ്രാമപഞ്ചായത്തിലെ ചെറുവക്കലിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തണ്ണീർ പന്തലിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു. കോഫി ഷോപ്പ്, സ്നാക്സ് ബാർ, കഫറ്റീരിയ, ടോയ്ലറ്റ് ബ്ലോക്ക് സംവിധാനങ്ങളോടെയുള്ള വഴിയോര വിശ്രമ കേന്ദ്രങ്ങളാണ് തണ്ണീർപ്പന്തൽ. 30 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്.

പൂർത്തീകരണത്തിന് ശേഷം വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ വാടകയ്ക്ക് നൽകും. വരുമാനത്തിന്റെ 40% സ്ഥലം ലഭ്യമാക്കുന്ന ഗ്രാമപഞ്ചായത്തുകൾക്ക് നൽകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കു ന്ന തോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് വരുമാനം വർദ്ധിപ്പിക്കുന്ന പ്രോജക്ട് ആണ് തണ്ണീർപ്പന്തൽ. അടിസ്ഥാന സൗകര്യമൊരുക്കി വാടകയ്ക്ക് നൽകുന്നത് വഴി കുറഞ്ഞ മുതൽ മുടക്കിൽ വരുമാനം കണ്ടെത്തുന്നതിനും പദ്ധതി സഹായകരമാണ്. എല്ലാ ഗ്രാമപഞ്ചായത്തുകളിലും കുറഞ്ഞത് ഒരു തണ്ണീർപന്തൽ എങ്കിലും നിർമ്മിക്കുന്നതിനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

ഈ സാമ്പത്തിക വർഷവും പ്രോജക്ടിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാ ലാൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെ നജീബത്ത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ എസ് ഷൈൻ കുമാർ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജയന്തി ദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കോമളകുമാരി അമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗം വിക്രമൻ പിള്ള, ഗ്രാമപഞ്ചായത്ത് അംഗം ബിന്ദു ജെ ആർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement