വൈവിധ്യങ്ങളെ ഏകോപിപ്പിക്കുന്നതാണ് കായിക മേഖലയുടെ പ്രാധാന്യം: മന്ത്രി കെ എൻ ബാലഗോപാൽ

Advertisement

കൊട്ടാരക്കര.വൈവിധ്യങ്ങളാർന്ന ഭാഷ, സംസ്കാരം എന്നിവയെ ഏകോപിപ്പിച്ച് നിർത്തുകയാണ് കായികമേഖലയുടെ പ്രധാന ധർമ്മമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ. കൊട്ടാരക്കര സർക്കാർ എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ കൊട്ടാരക്കര നഗരസഭയുടേയും കേരള സംസ്ഥാന ബോള്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെയും ബോള്‍ ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും നേതൃത്വത്തില്‍ 68-ാമത് സീനിയര്‍ പുരുഷ-വനിത ദേശീയ ബോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വിവിധ മേഖലയിലുള്ളവർ ഒരുമിക്കുന്ന വേദിയാണ് കായികമേളകൾ. സംസ്ഥാന സർക്കാർ കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധങ്ങളായ പദ്ധതികളാണ് നടപ്പിലാക്കുന്നത്. കായിക പ്രതിഭകളെ വാർത്തെടുക്കുന്നതിനായി സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും സ്റ്റേഡിയം നിർമിക്കുന്നത് പരിഗണനയിലാണ്. ബോൾ ബാഡ്മിന്റൺ ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് എല്ലാവിധ സഹായസഹകരണങ്ങളും ഉറപ്പാക്കും. ദേശീയ ചാമ്പ്യൻഷിപ്പ് ഒരു തദ്ദേശസ്ഥാപനത്തിന്റെ മേൽനോട്ടത്തിൽ വിപുലമായി സംഘടിപ്പിക്കുന്നത് അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 72 ബോൾ ബാഡ്മിന്റൺ ടീമുകളാണ് 68 മത് സീനിയർ പുരുഷ -വനിത ദേശീയ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കുന്നത്. മത്സരാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കൊട്ടാരക്കര രവിനഗർ മുതൽ സ്കൂൾ ഗ്രൗണ്ട് വരെ വർണ്ണാഭമായ ഘോഷയാത്ര സംഘടിപ്പിച്ചു. 28 വരെയാണ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നടക്കുക.

ഏഷ്യൻ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ സെക്രട്ടറി രാമറാവു, കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു, കെ.എസ്.ബി.ബി.എ പ്രസിഡന്റ് ടി.കെ ഹെൻട്രി, ജനറൽ സെക്രട്ടറി എസ്. ഗോപകുമാർ, ജില്ലാ ബോൾ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ് എസ്.അനിൽകുമാർ, പയനീർ സ്പോർട്സ് ക്ലബ് പ്രസിഡന്റ് എം.സുരേഷ്എന്നിവർ ചേർന്ന് പതാക ഉയർത്തി.

ഉദ്ഘാടന ചടങ്ങിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ. ഷാജു അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം. പി, കെ.എസ്.ബി.ബി.എ ചെയർമാൻ കെ.ബാബു ജോസഫ്, നഗരസഭ വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷർ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Advertisement