കുണ്ടറയില്‍ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് മരണം

Advertisement

കുണ്ടറ: കണ്ണനല്ലൂരിന് സമീപം സൊസൈറ്റി മുക്കിൽ കാർ ആൽമരത്തിൽ ഇടിച്ചുകയറി രണ്ടു പേർ മരിച്ചു. മൂന്ന് പേർക്ക് പരിക്ക്.

കുണ്ടറ നാന്തിരിക്കൽ കലതിവിള വീട്ടിൽ ഡിക്രൂസ് മകൻ ജോബിൻ (25), മുളവന പേരയം തുണ്ടിൽ പുത്തൻവീട്ടിൽ സ്റ്റീഫൻ മകൻ ആഗ്നൽ (25) എന്നിവരാണ് മരിച്ചത്. ജോബിൻ മർച്ചന്റ് നേവിയിലാണ് ജോലി.

സഹയാത്രികരായ ജോബിന്റെ സഹോദരൻ റോബിൻ, ഇളമ്പള്ളൂർ സ്വദേശി ഗോകുൽ, കരിക്കോട് മങ്ങാട് സ്വദേശി ഷോൺ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോബിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

ഇന്ന് പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. ഇവർ കണ്ണനല്ലൂർ ഭാഗത്തേക്ക് പോവുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി.

Advertisement