കരുനാഗപ്പള്ളി കോടതി സമുച്ചയം മുനിസിപ്പൽ ബസ് സ്റ്റാൻറ് ഗ്രൗണ്ടിൽ നിർമ്മിക്കാമെന്ന് ഹൈക്കോടതി

Advertisement

കൊച്ചി. കോടതി സമുച്ചയം നിർമ്മിക്കാനായി കരുനാഗപ്പള്ളി നഗരസഭ അനുവദിച്ച പ്രൈവറ്റ് ബസ് സ്റ്റാൻഡ് സ്ഥലത്ത് നിർമ്മാണ നടപടികളുമായി മുന്നോട്ട് പോകാൻ സംസ്ഥാന സർക്കാരിന് പൂർണ അനുമതി നൽകി ഹൈക്കോടതി. കരുനാഗപ്പള്ളി കോടതി സമുച്ചയ കേസ് ഇതോടെ ഹൈകോടതി തീർപ്പാക്കി.

കോടതി സമുച്ചയം എവിടെ നിർമ്മിക്കണമെന്നതിനെ ചൊല്ലി അഭിപ്രായ ഭിന്നത ഉടലെടുത്തിരുന്നു. ചിറ്റുമൂല ഗ്രൗണ്ട് ഉൾപ്പടെ വിവിധ സ്ഥലങ്ങൾ ചൂണ്ടിക്കാട്ടി അഭിഭാഷകർ അടക്കം നൽകിയ ഒരു കൂട്ടം ഹർജികളാണ് ഇന്ന് ഹൈക്കോടതി തീർപ്പാക്കിയത്.

നിലവിൽ കോടതി സ്ഥിതി ചെയ്യുന്ന മിനിസിവിൽ സ്റ്റേഷൻ കെട്ടിടം ദേശീയപാതാ വികസനത്തിനായി പൊളിക്കാനിരിക്കെയാണ് സുപ്രധാന തീരുമാനം.കോടതി സമുച്ചയം യാഥാർഥ്യമാകും വരെ കരുനാഗപ്പള്ളി ഹൈസ്‌ക്കൂൾ ജംഗ്ഷൻ- റെയിൽവേ സ്റ്റേഷൻ റോഡിലുള്ള വാടക കെട്ടിടത്തിലേക്ക് കോടതികൾ ഉടനെ മാറും.നിർമ്മാണ ജോലികൾ പൂർത്തിയായി.

സാമഗ്രികളുടെ മാറ്റമാണ് കോടതി മാറ്റം വൈകിക്കുന്നത്. ഇതോടെ പല സ്ഥലത്തായി കിടക്കുന്ന പോക്സോ കോടതി, സബ് കോടതി, മജിസ്ട്രേറ്റ് കോടതി,മുൻസിഫ് കോടതി തുടങ്ങി കരുനാഗപ്പള്ളിയിലെ നാലു കോടതികളും ഒറ്റ കെട്ടിടത്തിലാകും. പ്രൈവറ്റ് ബസ് സ്റ്റാൻറിൽ കോടതി സമുച്ചയം നിർമ്മിക്കുന്നതോടെ വാടക കെട്ടിടത്തിൽ നിന്നും കോടതികൾ അവിടേക്ക് മാറുന്നതാണ്.

Advertisement